ഡൽഹി: ഇന്ത്യയിലെ ആദ്യ പ്രാക്ടീസിംഗ് വനിതാ ഡോക്ടർ കദംബിനി ഗാംഗുലിക്ക് ആദരവുമായി ഡൂഡിൽ പുറത്തിറക്കി ഗൂഗിൾ. കദംബിനി ഗാംഗുലിയുടെ 160ആം ജന്മവാർഷികമാണ് ഇന്ന്. പുരുഷന്മാർ മാത്രം കുത്തകയാക്കിയിരുന്ന ആംഗലേയ വൈദ്യശാസ്ത്ര രംഗത്തേക്ക് 1884ലാണ് കദംബിനി കടന്നു വരുന്നത്. കൽക്കട്ട മെഡിക്കൽ കോളേജിലായിരുന്നു അവർ മെഡിക്കൽ വിദ്യാഭ്യാസത്തിന് ചേർന്നത്.
ഇന്നത്തെ ബംഗ്ലാദേശിലെ ഭഗല്പുരിൽ 1861ൽ ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു കദംബിനിയുടെ ജനനം. ഇന്ത്യയിലെ ആദ്യ വനിതാ ഗ്രാജ്വറ്റ് ആയി 1883ൽ ചന്ദ്രമുഖി ബാനർജിക്കൊപ്പം കോളേജ് വിദ്യാഭ്യാസം പൂർത്തീകരിച്ച കദംബിനി ഗാംഗുലി പിന്നീട് മെഡിക്കൽ വിദ്യാഭ്യാസം തെരഞ്ഞെടുക്കുകയായിരുന്നു.
അക്കാലത്തെ യാഥാസ്ഥിതിക സമൂഹത്തിന്റെ എതിർപ്പുകൾ മറികടന്നാണ് കദംബിനി ഗാംഗുലി മെഡിക്കൽ പഠനം പൂർത്തീകരിച്ചത്. മുംബൈ സ്വദേശിനിയായ ആനന്ദി ഭായ് ജോഷിക്കൊപ്പം 1886 മെഡിക്കൽ വിദ്യാഭ്യാസം പൂർത്തീകരിച്ച അവർ പിന്നീട് പ്രാക്ടീസ് ആരംഭിച്ചു. അങ്ങനെ ദക്ഷിണ ഏഷ്യയിൽ തന്നെ യൂറോപ്യൻ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ആദ്യ വനിതയായി കദംബിനി മാറി.
സാമൂഹ്യ പ്രവർത്തകനായിരുന്ന പ്രൊഫസർ ദ്വാരകാനാഥ് ഗാംഗുലിയായിരുന്നു കദംബിനിയുടെ ഭർത്താവ്. ഇന്ത്യയിലെ സ്ത്രീപക്ഷ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടയായ കദംബിനി ഗാംഗുലി മെഡിക്കൽ സേവനത്തിലൂടെ സാമൂഹ്യ പ്രവർത്തന രംഗത്തേക്ക് കടന്നു വന്നു.
Discussion about this post