തൃശൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ 100 കോടിയുടെ വന്‍ വായ്‌പാ തട്ടിപ്പ്. തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. സഹകരണ ജോയിന്‍റ് രജിസ്ട്രാർ ഇത് കണ്ടെത്തിയിരിക്കുന്നത്. 46 പേരുടെ ആധാരത്തില്‍ എടുത്ത വായ്‌പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്‌തതടക്കം വന്‍ തട്ടിപ്പുകളാണ് ബാങ്കില്‍ നടന്നത്. പെരിങ്ങനം സ്വദേശി കിരണ്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച് 23 കോടി രൂപ എത്തിയെന്നാണ് സൂചന.
സായിലക്ഷ്‌മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച് മൂന്ന് കോടി രൂപ വായ്‌പ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ഇടപാട് നടന്നതിനെ കുറിച്ച് സായിലക്ഷ്‌മി അറിഞ്ഞിട്ടില്ല.
സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്‍റെ തലപ്പത്തുള്ളത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടര്‍ന്ന് സി പി എം നേതാക്കള്‍ ഉള്‍പ്പെടുന്ന 13 അംഗഭരണസമിതി പിരിച്ചുവിട്ടിട്ടുണ്ട്. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്. 2019-ല്‍ ഇതേ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് രജിസ്ട്രാര്‍ അന്വേഷണം നടത്തിയതും വന്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തു വന്നതും. സി പി എം ഉന്നത നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ആരോപണം.
ബാങ്ക് തട്ടിപ്പിനെതിരെ ഇഡിക്കും ആദായനികുതി വകുപ്പിനും ബിജെപി നേതാക്കള്‍ പരാതി നൽകി.
Discussion about this post