ഇന്ത്യ- ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്. ആദ്യ ഏകദിനത്തിലെ ജയം തുടര്‍ന്ന് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയിലെ ആദ്യ കളി ജയിച്ച ഇന്ത്യ ഇന്ന് ജയിക്കുകയാണെങ്കില്‍ പരമ്പര സ്വന്തമാക്കും. ഇന്ന് വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം.
ആദ്യ മത്സരത്തില്‍ വിജയലക്ഷ്യമായ 263 റണ്‍സ് 14 ഓവര്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റിനാണ് രാഹുല്‍ ദ്രാവിഡിന്റെ യുവനിര നേടിയത്. ഇന്ത്യന്‍ നിരയില്‍ നായകന്‍ ശിഖര്‍ ധവാനുള്‍പ്പെടെ ബാറ്റിങ്ങിനിറങ്ങിയ യുവതാരങ്ങളെല്ലാം മികച്ച പ്രകടനമായിരുന്നു നടത്തിയത്. ആദ്യ ഏകദിനത്തില്‍ അരങ്ങേറിയ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ഇന്ത്യയ്ക്കായി സ്കോര്‍ ഉയര്‍ത്തി മികച്ച പ്രകടനം നടത്തിയിരുന്നു.
പൃഥ്വി ഷാ, മനീഷ് പാണ്ഡെ തുടങ്ങിയവരും മികച്ച പോരാട്ടമാണ് കാഴ്ച വച്ചത്. അര്‍ധസെഞ്ചുറി നേട്ടത്തോടെയാണ് ഇഷാന്‍ അരങ്ങേറ്റം ഗംഭീരമാക്കിയത്.
ആദ്യ കളിയില്‍ പരിക്കിനെത്തുടര്‍ന്ന് ഇല്ലാതിരുന്ന മലയാളി താരം സഞ്ജു സാംസണിന്റെ പരിക്ക് ഭേദമായെന്ന റിപ്പോര്‍ട്ട് വന്നെങ്കിലും ഇന്ന് മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Discussion about this post