ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. രാഹുലിന് ബുദ്ധി അൽപം കുറവായിരുന്നു, ഇപ്പോൾ അത് നഷ്ടമായെന്നും ഇനി എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ടിനെ രാഹുൽ വിമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇറ്റാലിയൻ ഭാഷയിൽ കേന്ദ്ര മന്ത്രി ട്വീറ്റ് ചെയ്തത്.
‘ഈ രാജകുമാരനെക്കുറിച്ച് ഞാൻ പറയാം. അദ്ദേഹത്തിന് ബുദ്ധിയുടെ കുറവുണ്ടായിരുന്നു. ഇപ്പോൾ അത് നഷ്ടമായി. ഇനി എന്നെന്നേക്കുമായി നഷ്ടപ്പെടും. കൊവിഡ് മരണ പട്ടിക സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് നൽകുന്നത്. നിങ്ങളുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഈ പട്ടിക പരിഷ്കരിച്ച് അയക്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാം. അതുവരെ കള്ളം പറയുന്നത് നിർത്തണം’- ഇതായിരുന്നു ഗിരിരാജ് സിംഗിന്റെ ട്വീറ്റ്.
‘ഇവിടെ ഓക്സിജൻ മാത്രമല്ല, സത്യവും ബോധവുമില്ല.‘ ഇതായിരുന്നു കേന്ദ്രത്തിനെതിരായ രാഹുലിന്റെ ട്വീറ്റ്. നേരത്തെ , ഓക്‌സിജന്‍ ക്ഷാമം മൂലം രാജ്യത്ത് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ രാജ്യസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post