പാലക്കാട്: കൊവിഡിനിടയിലും പലിശയ്ക്ക് പണം നല്‍കിയവരുടെ ഭീഷണിയെ തുടര്‍ന്ന് പാലക്കാട് കര്ഷകന് ആത്മഹത്യ ചെയ്തു. പറലോടി സ്വദേശി വേലുക്കുട്ടിയാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.
വാങ്ങിയ മൂന്ന് ലക്ഷത്തിന് പകരം പത്ത് ലക്ഷത്തിലധികം നല്‍കിയിട്ടും കൊവിഡ് കാലത്ത് കിടപ്പാടം ഉള്‍പ്പടെ എഴുതി വാങ്ങാന്‍ ബ്ലേഡ് മാഫിയ ശ്രമിച്ചെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. പണം മടക്കിനല്കാന് അനുവദിച്ചിരുന്ന അവസാനദിവസമാണ് വേലുക്കുട്ടി ആത്മഹത്യ ചെയ്തത്.
2016-ലാണ് മൂന്ന് ലക്ഷം രൂപ ബ്ലേഡുകാരില്‍ നിന്നു വാങ്ങിയത്. പലപ്പോഴായി പത്ത് ലക്ഷത്തിലധികം തിരികെ നല്കി. ഇതിനിടയില്‍ മാഫിയ സംഘം വീട്ടിലെത്തി ബന്ധുക്കളെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നത് പതിവായി. നിര്‍ബന്ധിച്ച് പ്രോമിസറി നോട്ടും ചെക്കും ഒപ്പിട്ട് വാങ്ങി. വേലുക്കുട്ടിക്ക് സ്വന്തമായുണ്ടായിരുന്ന മുപ്പത്തി ഏഴ് സെന്റ് സ്ഥലം കൈക്കലാക്കാനായിരുന്നു ബ്ലേഡുകാരുടെ നീക്കം.
അതേസമയം സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി.
Discussion about this post