പെന്‍ഡ്രൈവ്-നന്ദികേശന്‍
സമകാലികരാജ്യം കണ്ട ഏറ്റവും ഫാസിസ്റ്റ് നീക്കം ഏതാണ്..? ഒരു സംശയവും കൂടാതെ പറയണം, ഡിജിറ്റല്‍ ഇന്ത്യയാണ് അത് എന്ന്..!! കോടിക്കണക്കിനു പട്ടിണിപ്പാവങ്ങളും നിരക്ഷരരും കൂട്ടിക്കൊടുപ്പുകാരും വേശ്യകളും തോട്ടികളും കുഷ്ഠരോഗികളും ജഡ്ക വലിച്ചു ചുമച്ചു ചോരതുപ്പുന്നവരും മക്കള്‍ക്ക് ഒരു നേരം വയറുനിറച്ചു വാരിയുണ്ണാന്‍ വകതേടി സ്വന്തം ഗര്‍ഭപാത്രം വരെ വില്‍ക്കുന്ന അമ്മമാരും പിന്നെ പിന്നെ കൃഷ്‌ണേട്ടനെപ്പോലുള്ളവരുടെ ത്യാഗങ്ങളും നൊമ്പരങ്ങളും ഒക്കെയുള്ള ഇന്ത്യയില്‍ (രഞ്ജിപണിയ്ക്കര്‍ക്ക് കടപ്പാട്) ആവശ്യത്തിനു കക്കൂസും കുളിമുറിയും പണിതിട്ട് മതി ഡിജിറ്റല്‍ കളികള്‍; അല്ല പിന്നെ..!!
പറയുന്നത് ആരാണെന്ന് കൂടി ഓര്‍ക്കണം..!! നാട്ടിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി അഹോരാത്രം പണിയെടുത്ത് ഒടുവില്‍ തെരുവിലലയുന്നവരുടെ ഉന്നമനത്തിനായി തലസ്ഥാനനഗരിയില്‍ കേന്ദ്രീകൃത ശീതീകരണ സംവിധാനമുള്ള പാര്‍ട്ടി ഓഫീസ് വരെ കെട്ടിപ്പൊക്കിയ പ്രസ്ഥാനത്തിന്റെ സൈബര്‍ പടയാളികളാണ്..!! അതുകൊണ്ട് മോദി വെറുതെ എന്തെങ്കിലും പറഞ്ഞു രക്ഷപ്പെടാം എന്ന് കരുതരുത്..!! ഇതിനു മറുപടി പറയിച്ചിട്ടേ പടയാളികള്‍ പോകൂ..!! കേരളത്തില്‍ പ്രതിപക്ഷത്തിന്റെ പണികൂടി ഭരണപക്ഷം നിര്‍വഹിക്കുന്നത് കൊണ്ട് പടയാളികള്‍ ഇപ്പോള്‍ സ്വതന്ത്രരാണ്.! ഇമ്മാതിരി വിഷയങ്ങളില്‍ ഇടപെടാനും തീരുമാനം എടുക്കാനും ആവശ്യത്തിനു സമയം ഉണ്ട്..!! തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പുകൂടി കഴിയുന്നതോടെ ഇനിയും സമയം കിട്ടാന്‍ സാധ്യതയുണ്ട്..!! അപ്പോള്‍ കൂടുതല്‍ ഫ്രീയാകും..!! പിന്നെ എന്തൊക്കെയാണ് പടയാളികള്‍ ചെയ്യുന്നത് എന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല; ഇപ്പോഴും അങ്ങനെ തന്നെയാണെങ്കിലും..!!
സുക്കര്‍ബര്‍ഗ്ഗിനും ഉണ്ട് സൈബറന്മാരുടെ പൊങ്കാല..!! സ്വവര്‍ഗ്ഗരതിയ്‌ക്കെതിരെ അണ്ണന്‍ ബഹുവര്‍ണ്ണ പ്രൊഫൈല്‍ ചിത്രം കൊണ്ടുവന്നപ്പോള്‍ ഒരക്ഷരം മിണ്ടാതെ സ്വീകരിച്ചവരല്ലേ ഞങ്ങള്‍..?! അന്ന് നാട്ടിലെ സംഘികളും സുടാപ്പികളും അതിനെതിരെ നിന്നതുകൊണ്ടാണ് ഞങ്ങള്‍ മഴവില്ലന്മാരും വില്ലികളും ആകാന്‍ അത്രയും ആവേശം കാട്ടിയത് എന്നൊരു പരദൂഷണം ഉണ്ട്..!! എന്നാലും ഞങ്ങള്‍ അണ്ണന്റെ മഴവില്ല് ഒരക്ഷരം എതിരുപറയാതെ ഏറ്റുവാങ്ങി കുലച്ചുപിടിച്ചതല്ലേ..?!! ആ ഞങ്ങളുടെ നെഞ്ചത്തോട്ട് തന്നെ വേണമായിരുന്നോ ഈ ഡിജിറ്റല്‍ അമ്പ്..?
സുക്കര്‍അണ്ണന്‍ പാക്കിസ്ഥാനിലെ ഇസ്ലാമിക് റിപബ്ലിക്കിനെ പിന്തുണച്ച് പടം ഇട്ടു എന്നാണു സൈബര്‍വിപ്ലവകാരികളുടെ മറ്റൊരു ആക്ഷേപം..!! പക്ഷെ നാട്ടുകാര് സുക്കറിന്റെ പ്രൊഫൈല്‍ തലനാരിഴ കീറി പരിശോധിച്ച് കളയും എന്ന് വിപ്ലവകാരികള്‍ വിചാരിച്ചില്ല..! അവര്‍ എത്രയൊക്കെ നോക്കിയിട്ടും പടയാളികള്‍ പൊക്കിപ്പിടിച്ച് നടന്ന പാക്കിസ്താന്‍ പടം സുക്കര്‍അണ്ണന്റെ പ്രൊഫൈലില്‍ എങ്ങും തന്നെ കാണാന്‍ കഴിഞ്ഞില്ലാ ത്രേ..!! ചങ്കെടുത്ത് കാണിച്ചാലും വാലന്റൈന്‍സ് ദിനത്തില്‍ കിട്ടിയ ഗിഫ്റ്റ് ആണ് എന്ന് പറയുന്ന ഹൃദയശൂന്യര്‍..!! വിപ്ലവപാര്‍ട്ടിയില്‍ പാര്‍ട്ടി കാര്യങ്ങള്‍ സെക്രട്ടറി പറയുന്നതാണ് അവസാനവാക്ക്..!!
അതുപോലെ സൈബര്‍ കാര്യങ്ങള്‍ പടയാളികള്‍ പറയുന്നതിന് അപ്പുറത്തെയ്ക്ക് ഒരൊറ്റ അണിയും കടന്നു കാര്യം ചികയാന്‍ പോകാറില്ല..!! എല്ലാവര്‍ക്കും അങ്ങനെയായാലെന്താ..? സുക്കര്‍അണ്ണന്‍ പാക്കിസ്ഥാന്‍ അനുകൂലിയാണ് എന്ന് പടയാളികള്‍ പറഞ്ഞാല്‍ ചുമ്മാ അങ്ങോട്ട് വിശ്വസിച്ചാല്‍ പോരേ..? അതിന്മേല്‍ കൂടുതല്‍ ചികയാന്‍ പോകുന്നതെന്തിനാ..?
നെറ്റ് ന്യൂട്രാലിറ്റിയ്‌ക്കെതിരെ പിന്തുണ നേടാനുള്ള സുക്കറണ്ണന്റെ കുതന്ത്രമാണ് ഈ ഡിജിറ്റല്‍ പടം എന്നാണു പടയാളികള്‍ പിന്നെപ്പറഞ്ഞത്..!! ഇതെങ്ങിനെയാണ് സാധ്യമാകുന്നത് എന്ന മറുചോദ്യം വേണ്ടാ, പടയാളികള്‍ പറഞ്ഞാല്‍ പറഞ്ഞതാണ്; അത്രതന്നെ…!! ദേശാഭിമാനിയ്ക്ക് വാര്‍ത്ത എഴുതുന്ന റിപ്പോര്‍ട്ടര്‍ സഖാവ് ഇപ്പോള്‍ ഈ കഥ ഇറക്കിയവനെ അന്വേഷിച്ചു ശിഷ്യപ്പെടാന്‍ നടക്കുകയാണ്..!ഇനിയിപ്പോള്‍ ഗത്യന്തരമില്ലാതായാല്‍ അമേരിക്കയ്ക്ക് ഇന്ത്യയിലേയ്ക്ക് ആറ്റംബോംബിടാനുള്ള അനുമതി കൊടുക്കലാണ് ഈ പ്രൊഫൈല്‍ ഷെയറിംഗിലൂടെ സുക്കര്‍ അണ്ണന്‍ ചെയ്യുന്നത് എന്ന് പറയാന്‍ പടയാളികളുടെ സൈബര്‍ കമ്മറ്റി തീരുമാനം എടുത്തിട്ടുണ്ട് എന്ന് കേള്‍ക്കുന്നു..!! അതും പൊട്ടിയാല്‍ പടം ഷെയര്‍ ചെയ്യുന്നവര്‍ക്ക് എയിഡ്‌സ് വരാനുള്ള പണി ചെയ്തു വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു നോക്കാം..!! ഏതാണ് ഏല്‍ക്കുന്നത് എന്ന് പറയാന്‍ പറ്റില്ലല്ലോ..?
രാജ്യത്തെ പട്ടിണിയും തൊഴിലില്ലായ്മയും കക്കൂസില്ലായ്മയുമൊക്കെയാണ് പടയാളികളുടെ കണ്ണ് നനയിക്കുന്നത്..!! കഷ്ടം..!! 2014 മെയ് മാസം വരെ എത്ര നന്നായിക്കിടന്ന രാജ്യമാണ്..? എല്ലാവര്‍ക്കും തൊഴില്‍, അവര്‍ക്കെല്ലാം ഭക്ഷണം, അത് ദഹിക്കുമ്പോള്‍ വെളിയ്ക്കിരിക്കാന്‍ വേണ്ടത്ര കക്കൂസ്..!! മോദി വന്നതോടെ അതൊക്കെ ഇല്ലാതായി..!! ഇനി അതെല്ലാം പുന:സ്ഥാപിച്ചശേഷം മതി ഡിജിറ്റലും ത്രിവര്‍ണ്ണ പ്രൊഫൈല്‍ ചിത്രങ്ങളും എല്ലാം…!!!
പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് സംശയം ഉണ്ടെങ്കില്‍ പടയാളികളുടെ പ്രസ്ഥാനത്തെത്തന്നെ കണ്ടു പഠിച്ചാല്‍ മതി..!! നേരത്തെ പറഞ്ഞ കേന്ദ്രീകൃതശീതീകരണിയുള്ള സംസ്ഥാനസമിതി ആഫീസ് തന്നെ ഉദാഹരണം..!! കേരളത്തില്‍ ഒരാള്‍ പോലും തെരുവില്‍ തണുപ്പും മഴയും കൊണ്ട് കിടക്കുന്നില്ല എന്ന് പാര്‍ട്ടി കമ്മീഷനെ നിയോഗിച്ച് അന്വേഷിച്ച് ഉറപ്പാക്കിയിട്ടാണ് മേല്‍പ്പറഞ്ഞ സ്ഥാപനം കെട്ടിപ്പൊക്കിയത്..! അത് ദഹിക്കുന്നില്ല എങ്കില്‍ നേരെ കണ്ണൂര്‍ക്ക് വാ..!! അവിടെയുണ്ട് ഒരു യമണ്ടന്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക്..! കേരളത്തിലെ പട്ടിണി നിശ്ശേഷം മാറിയെന്നും നാട്ടുകാര്‍ തിന്നു എല്ലിനിടയില്‍ കുത്തി മദിയ്ക്കാന്‍ സ്ഥലം കിട്ടാതെ നടക്കുകയാണ് എന്നും അന്വേഷിച്ച് ഉറപ്പിച്ച ശേഷം മാത്രമാണ് പ്രസ്തുത പാര്‍ക്കിന്റെ മതേതരതറക്കല്ലിടല്‍ നടത്തിയത്..!! പിന്നെയുമുണ്ട് ഉദാഹരണങ്ങള്‍..!! ഇതൊക്കെപ്പാടി നടക്കാന്‍ പടയാളികളുടെ ജീവിതം ഇനിയും ബാക്കി…!!
Discussion about this post