കൊട്ടിയം: ദേശീയപാതയില്‍ നിയന്ത്രണം വിട്ട ലോറി യാത്രക്കാരുമായി പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസിന് പിന്നിലിടിച്ചശേഷം റോഡിന് എതിര്‍വശമുള്ള കടയിലേക്ക് ഇടിച്ചുകയറി. കടയിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും ലോറി ഡ്രൈവര്‍ക്കും ബസിലെ വനിത കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. സംഭവസമയം റോഡിലും കടയ്ക്ക് മുന്നിലും ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച വൈകുന്നേരം 4.45 ഓടെ ദേശീയപാതയില്‍ ഉമയനല്ലൂരിലായിരുന്നു അപകടം.
തിരുവനന്തപുരം ഭാഗത്തുനിന്ന് വരികയായിരുന്ന ലോറി കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസിെന്റ പിന്നില്‍ ഇടിച്ചശേഷം റോഡിെന്റ എതിര്‍വശത്ത് എസ്റ്റേറ്റ് റോഡ് ആരംഭിക്കുന്ന ഭാഗത്തുള്ള സലിമിന്റെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കടയിലുണ്ടായിരുന്ന ഉമയനല്ലൂര്‍ സ്വദേശികളായ റഷീദ് (61), ബദറുദീന്‍ (59), ലോറി ഡ്രൈവര്‍ ഷിബു (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിനുള്ളില്‍ വീണ വനിതാ കണ്ടക്ടര്‍ മേവറം സ്വദേശിനി ആര്. ദീപ, ഡ്രൈവര്‍ മൂവാറ്റുപുഴ സ്വദേശി പ്രവീണ്‍ പയസ് എന്നിവരെ മെഡിസിറ്റി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷകള്‍ക്കുശേഷം ജില്ല ആശുപത്രിയിലേക്ക് മാറ്റി. കടയും അവിടത്തെ സാധനങ്ങളും പൂര്‍ണമായി തകര്‍ന്നു.
സംഭവസമയം ആള്ത്തിരക്കില്ലാതിരുന്നതിനാല് വന്‍ ദുരന്തം ഒഴിവായി. ബസില്‍ ഇടിക്കുന്നതിനു മുമ്പ് ഒരു ബൈക്കിലും ലോറി ഇടിച്ചതായി പറയുന്നു. സംഭവം നടന്നയുടന്‍ സ്ഥലത്തെത്തിയ കൊട്ടിയം എസ്.ഐ സുജിത് നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയത്. സംഭവത്തെതുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ക്രെയിന്‍ ഉപയോഗിച്ച് ലോറി കടയില്‍നിന്ന് നീക്കിയത്.











