പട്ന: ബിഹാറിൽ കമ്മ്യൂണിസ്റ്റ് ഭീകരർ റെയിൽവേ സ്റ്റേഷൻ പിടിച്ചെടുക്കാൻ ശ്രമിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. ജാമു ജില്ലയിലെ ചൗര റെയിൽവേ സ്റ്റേഷനാണ് കമ്മ്യൂണിസ്റ്റ് ഭീകരർ പിടിച്ചെടുക്കാൻ ശ്രമിച്ചത്.
കമ്മ്യൂണിസ്റ്റ് ഭീകരരുടെ നടപടിയെ തുടർന്ന് ഡൽഹി-ഹൗറ പ്രധാന പാതയിൽ രണ്ട് മണിക്കൂർ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ബിഹാറിൽ ഒരാഴ്ച നീളുന്ന ബന്ദിന് കമ്മ്യൂണിസ്റ്റ് ഭീകരർ ആഹ്വാനം നൽകിയിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് റെയിൽവേ സ്റ്റേഷൻ പിടിച്ചെടുക്കാൻ ശ്രമിച്ചത്.
റെയിൽവേ സ്റ്റേഷനിൽ പ്രവേശിച്ച കമ്മ്യൂണിസ്റ്റ് ഭീകരർ സ്റ്റേഷൻ മാസ്റ്റർ ബിനയ് കുമാറിന്‍റെ ഓഫീസിലെത്തി അദ്ദേഹത്തോട് ചുവപ്പ് സിഗ്നലിടാൻ നിർദേശിച്ചു. അല്ലെങ്കിൽ സ്റ്റേഷൻ ബോംബ് ഉപയോഗിച്ച് തകർക്കുമെന്നും ഭീഷണിപ്പെടുത്തി. റെയിൽവേ സ്റ്റേഷൻ നിയന്ത്രണം തങ്ങൾ ഏറ്റെടുത്തത്തിന്‍റെ സന്ദേശം ഉയർന്ന ഉദ്യോഗസ്ഥർക്ക് കൈമാറാനും നിർദേശിച്ചു.
സ്റ്റേഷനിലെ യാത്രക്കാരോട് സീറ്റുകളിൽ തന്നെ തുടരാനും കമ്മ്യൂണിസ്റ്റ് ഭീകരർ ആവശ്യപ്പെട്ടു. തുടർന്ന് അർദ്ധസൈനിക വിഭാഗം രംഗത്തെത്തിയതോടെ ഭീകരർ കടന്ന് കളയുകയായിരുന്നു. കമ്മ്യൂണിസ്റ്റ് ഭീകരരുടെ അതിക്രമം നിമിത്തം പുലർച്ചെ 3.20 മുതൽ 5.30 വരെയുള്ള ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. തുടർന്ന് ട്രാക്കുകളിൽ സ്ഫോടക വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം ട്രെയിൻ സർവീസ് പുനരാരംഭിച്ചു.
Discussion about this post