ഡൽഹി: ജൂലൈ 14-ന് നടന്ന ഇന്ത്യ-ചൈനീസ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയെ തുടർന്ന് ഇന്ത്യയും ചൈനയും തമ്മിൽ നടത്തിയ 12-ാം കോർ കമാൻഡർ തല ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് ഔദ്യോഗിക പത്രക്കുറിപ്പ്.
ചർച്ച സംബന്ധിച്ച വിശദാംശങ്ങൾ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും. ഇന്ത്യ-ചൈന അതിർത്തി പ്രദേശത്തെ പടിഞ്ഞാറൻ മേഖലയിലുളള യഥാർഥ നിയന്ത്രണ രേഖയിൽ നിന്നുളള സൈനിക പിൻമാറ്റം സംബന്ധിച്ച് ഇരുരാജ്യങ്ങളും തങ്ങളുടേതായ കാഴ്ചപ്പാടുകൾ പങ്കുവെച്ചതായാണ് സൂചന.
പന്ത്രണ്ടാം കോർ കമാൻഡർതല ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് ഇന്ത്യയും ചൈനയും ഒരുപോലെ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലവിലുളള കരാറുകളുടെയും പ്രോട്ടോക്കോളുകളുടെയും അടിസ്ഥാനത്തിൽ നിലവിലുളള പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാമെന്ന് ഇരുരാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. പടിഞ്ഞാറൻ മേഖലയിലെ യഥാർഥ നിയന്ത്രണ രേഖയിൽ ശാന്തിയും സമാധാനവും നിലനിർത്തുന്നതിന് ഫലപ്രദമായ ശ്രമങ്ങൾ തുടരുമെന്നും ഇരുകൂട്ടർ സമ്മതിച്ചിട്ടുണ്ട്.
ലെഫ്റ്റനന്റ് ജനറൽ പി.ജി.കെ. മേനോനാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. ഇരു സൈന്യവും വടക്കൻ സിക്കിം മേഖലയിൽ ഹോട്ട് ലൈൻ സ്ഥാപിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. ഗോഗ്രയിലും ഹോട്ട്സ്പ്രിങ്സിലും നിന്ന് സൈന്യത്തെ പിൻവലിക്കാതെ അതിർത്തിയിലെ വർധിപ്പിച്ച സന്നാഹം കുറയ്ക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ചൈന നേരത്തേമുതൽ ഇതാണാവശ്യപ്പെടുന്നത്. എന്നാൽ, വർധിപ്പിച്ച സൈന്യത്തെ പിൻവലിച്ചാൽ ചൈനയ്ക്ക് വേഗത്തിൽ തിരിച്ചെത്തിക്കാനാവുന്ന പ്രദേശങ്ങളാണിവ. അതിനു തയ്യാറല്ലെന്ന ഇന്ത്യയുടെ നിലപാടിനെ ഇത്തവണ ചൈന അധികം എതിർത്തില്ലെന്നാണ് സൂചന.
ഡെപ്സാങ് വിഷയവും ഇന്ത്യ ചർച്ചയിൽ ഉന്നയിച്ചു. മേഖലയിൽ പട്രോളിങ് അനുവദിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. നേരത്തേ ഇന്ത്യ പട്രോളിങ് നടത്തിയിരുന്ന പോയന്റ് 10, 11, 11-എ, 12, 13 എന്നിവിടങ്ങളിലിപ്പോൾ ചൈന അത് അനുവദിക്കുന്നില്ല. ഇത്തരം കാര്യങ്ങളിൽ കൂടുതൽ വ്യക്തതയ്ക്കായി മേജർ ജനറൽ തലത്തിൽ അടുത്തുതന്നെ ചർച്ച നടന്നേക്കും.
Discussion about this post