ഡൽഹി: കശ്മീരിൽ വികസനത്തിന്റെ പുതുചരിത്രമെഴുതി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. കഴിഞ്ഞ രണ്ട് കൊല്ലം കൊണ്ട് സമഗ്രമായ വികസന നേട്ടങ്ങൾക്കാണ് കശ്മീർ സാക്ഷ്യം വഹിക്കുന്നത്.
5282 കോടി രൂപയുടെ 850 മെഗാവാട്ട് റാറ്റിൽ ജലവൈദ്യുത പദ്ധതിയുടെ വികസനമാണ് കേന്ദ്ര സർക്കാർ പിന്തുണയോടെ കശ്മീർ ഭരണകൂടം നടപ്പിലാക്കിയത്. ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽ പാലം കശ്മീരിൽ യാഥാർത്ഥ്യമായി.
നിക്ഷേപ സൗഹൃദ സംസ്ഥാനമായി കശ്മീർ മാറി. ഇപ്പോൾ സംസ്ഥാനത്ത് പുറം നാട്ടുകാർക്ക് 90 വർഷത്തേക്ക് ഭൂമി പാട്ടത്തിനെടുത്ത് വ്യവസായ സംരംഭങ്ങൾ തുടങ്ങാം. യൂസഫലിയുടേതുൾപ്പെടെ 40 കമ്പനികൾ 15,000 കോടി രൂപയുടെ നിക്ഷേപം ഇറക്കാൻ തയ്യാറായിട്ടുണ്ട്. റിന്യൂവബിൾ എനർജി , ഹോസ്‌പ്പിറ്റാലിറ്റി , പ്രതിരോധം , ടൂറിസം, നൈപുണ്യം, വിദ്യാഭ്യാസം , ഐടി , അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളിൽ 13,600 കോടി രൂപയുടെ 168 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചുകഴിഞ്ഞു. ഇതിനായി 6000 ഏക്കർ ഭൂമി ഏറ്റെടുത്തു.
2019-20 കാലഘട്ടത്തിൽ അധ്യാപകർക്കായി 27000 പുതിയ തസ്തികകളും 2020-21ൽ 50000 പുതിയ തസ്തികയും 2000 കോടി രൂപയും അനുവദിച്ചു. ഗ്രാമതലത്തിൽ ശാക്തീകരണ സംവിധാനം ഉറപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലങ്ങളിൽ 2000 ഉദ്യോഗസ്ഥരെ നിയമിച്ചു. പ്രത്യേക നിയമന സംവിധാനത്തിലൂടെ 10,000 ഒഴിവുകൾ നികത്താന്‍ തീരുമാനമായി. 25000 ഒഴിവുകള്‍ കൂടി പിന്നീട് നികത്തും. ജൂനിയർ തസ്തികകളായ ഡോക്ടർമാർ, മൃഗഡോക്ടർമാർ, പഞ്ചായത്ത് അക്കൗണ്ട് അസിസ്റ്റന്റുമാർ എന്നിവരുടെ തസ്തികകൾ ഇതിൽ പെടും.
ജമ്മു ബൈപാസ്, ജമ്മു-ഉധംപൂർ റോഡ്, ചനിനി – നാശാരി തുരങ്കം, ലഖൻപൂർ-ഹിരാനഗർ, ഹിരാനഗർ-വിജയ്പൂർ എന്നീ പാതകളുടെ നിർമ്മാണം പൂർത്തിയായി. ഉദംപൂർ-റമ്പാൻ, റമ്പാൻ-ബനിഹാൽ, ബനിഹാൽ-ശ്രീനഗർ, കാസിഗണ്ട്-ബനിഹാൽ തുരങ്കപാത പദ്ധതിക്ക് ചുറ്റുമുള്ള റിംഗ് റോഡ് എന്നിവയുടെ നിർമാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. പദ്ധതിയുടെ ആകെ ചിലവ് 8000 കോടി രൂപയാണ്. 21,653 കോടി രൂപ മുതല്‍മുടക്കുള്ള ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് 2023 ഓടെ പൂർത്തീകരിക്കും. ജമ്മു-അഖ്നൂർ റോഡ്, ചേനാനി-സുധമഹദേവ് റോഡ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി. ജമ്മു റിംഗ് റോഡിന്റെ 30 ശതമാനവും പൂർത്തിയായി.
2022 ഡിസംബറോടെ കശ്മീരിലെ സുപ്രധാന പ്രദേശങ്ങളെ ട്രെയിൻ വഴി ബന്ധിപ്പിക്കും. ഉദ്മാപൂർ-കത്ര (25 കിലോമീറ്റർ), ബനിഹാൽ-ക്വാസിഗണ്ട് (18 കിലോമീറ്റർ), ക്വാസിഗണ്ട്-ബാരാമുള്ള (118 കിലോമീറ്റർ) എന്നീ പാതകൾ ഇതിനകം കമ്മീഷൻ ചെയ്തു. കൂടാതെ മെട്രോ റെയിൽ പദ്ധതിയും പരിഗണനയിലുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽ പാലവും ചേനാബ് നദിയിൽ ഉടൻ പൂർത്തിയാകും.
എയിംസ് പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്. 2023ഓടെ ജമ്മുവിലും, 2025ഓടെ കശ്മീരിലും ഇവ പൂർത്തീകരിക്കും. ആരോഗ്യമേഖലയില്‍ കോർപ്പറേറ്റുകളായ അപ്പോളോ, മേദാന്ത, ഹിന്ദുജാസ് തുടങ്ങിയവരും നിക്ഷേപം നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പ് ആരോഗ്യമേഖലയില്‍ നീക്കിവച്ചത് 350 കോടി രൂപയായിരുന്നെങ്കില്‍ ഈ വർഷം അത് 1268 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ഡിആർഡിഒ വികസിപ്പിച്ച 500 കിടക്കകളുള്ള രണ്ട് കോവിഡ് ആശുപത്രികൾ രോഗപ്രതിരോധ രംഗത്ത് സജീവമാണ്. കോവിഡ് -19 മൂന്നാം തരംഗ സാധ്യത മുന്‍നിർത്തി ജമ്മു കശ്മീരിലെ വിദൂര പ്രദേശങ്ങളിൽ 30 പുതിയ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചു വരുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏഴ് പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിച്ചു. അതിൽ നാലെണ്ണം ഇതിനകം തന്നെ പ്രവർത്തനം തുടങ്ങി. മെഡിക്കൽ കോളേജുകളിൽ സീറ്റുകൾ 500 ൽ നിന്ന് 955 ആയും 50 പുതിയ കോളേജുകളിലെ റെഗുലർ ഡിഗ്രി സീറ്റുകൾ 25000 ആയും ഉയർത്തി. കൂടാതെ കത്വയിലും ഹന്ദ്വാരയിലും ബയോടെക്നോളജിക്കായി രണ്ട് ഐടി പാർക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഭീകരവാദ പ്രവർത്തനങ്ങളിലുണ്ടായ ഗണ്യമായ കുറവും കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവും ഇവർക്കായി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതികളും മറ്റ് ശ്രദ്ധേയമായ നേട്ടങ്ങളാണ്.
Discussion about this post