ചെന്നൈ: പട്ടാപ്പകല്‍ നടുറോഡില്‍ വച്ചു ഡോക്ടറെ വെട്ടിക്കൊന്ന കേസില്‍ അഭിഭാഷകരും ഡോക്ടറുമടക്കം ഏഴു പേര്‍ക്കു വധശിക്ഷയും, രണ്ടുപേർക്ക് ജീവപര്യന്തം തടവിനും ശിക്ഷിച്ചു. രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ മുന്‍ ന്യൂറോളജിസ്റ്റ് സുബ്ബയ്യയെ കന്യാകുമാരിയിലെ 12 കോടിയുടെ ഭൂസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്ന് ജോലി ചെയ്യുന്ന ആശുപത്രിക്കു മുന്നിലിട്ടു മൂന്നംഗ സംഘം വെട്ടിക്കൊല്ലുകയായിരുന്നു.
2013 സെപ്റ്റംബര്‍ 14നാണ് ചെന്നൈയെ നടുക്കിയ കൊലപാതകം നടന്നത്. ബില്‍റോത്ത് ആശുപത്രിയിലെ ന്യൂറോളജിസ്റ്റായിരുന്ന സുബ്ബയ്യയെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനായി കാറില്‍ കയറുമ്പോൾ ഇരുചക്രവാഹനത്തിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. വടിവാള്‍കൊണ്ടു ശരീരമാസകലം വെട്ടേറ്റ ഡോക്ടര്‍ ഒന്‍പത് ദിവസത്തിനു ശേഷം മരിച്ചു. 10 പ്രതികളാണ് കേസിലുണ്ടായിരുന്നത്.
സുബ്ബയ്യയുടെ മാതൃസഹോദരന്റെ കുടുംബത്തില്‍പെട്ട പൊന്നുസാമി, മക്കളായ അഡ്വക്കറ്റ് പി.ബേസില്‍, ബോറിസ്, ബേസില്‍ ജോലി ചെയ്തിരുന്ന സ്ഥാപന ഉടമ അഡ്വക്കറ്റ് ബി.വില്യംസ്, വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയ ഡോക്ടര്‍ ജയിംസ് സതീഷ് കുമാര്‍, വാടക കൊലയാളികളായ മുരുകന്‍, സെല്‍വ പ്രകാശ് എന്നിരെയാണ് സെയ്ദാപെട്ട് സെഷന്‍സ് കോടതി വധശിക്ഷയ്ക്കു വിധിച്ചത്. പൊന്നുസാമിയുടെ ഭാര്യ മേരി പുഷ്പം, പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ബന്ധു യേശുരാജന്‍ എന്നിവര്‍ ഇരട്ടജീവപര്യന്തം തടവും അനുഭവിക്കണം.
കൊല്ലപ്പെട്ട ഡോക്ടര്‍ സുബ്ബയ്യയും പൊന്നുസാമിയുടെ കുടുംബവും തമ്മില്‍ നാലു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന വസ്തു തര്‍ക്കമുണ്ടായിരുന്നു. ഈകേസില്‍ അന്തിമവിധി ഡോക്ടര്‍ക്ക് അനുകൂലമായിരുന്നു. തുടര്‍ന്ന് കേസിനാസ്പദമായ കന്യാകുമാരി അഞ്ചുതെങ്ങിലെ 4.2 ഏക്കര്‍ ഭൂമി പൊന്നുസാമിയും കുടുംബവും കയ്യേറി.
ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ തൊട്ടു പിറ്റേന്നായിരുന്നു കൊലപാതകം. ഡോക്ടര്‍ ജയിംസ് സതീഷ് കുമാര്‍ ഏര്‍പ്പാടാക്കിയ വാടക കൊലയാളികള്‍ ചെന്നൈയിലെ ബില്‍റോത്ത് ആശുപത്രിക്കു മുന്നിലിട്ടു വെട്ടിക്കൊല്ലുകയായിരുന്നു. തലയിലും കഴുത്തിലുമായി ഇരുപതിലേറെ വെട്ടേറ്റിരുന്നു. വാടക കൊലയാളി സംഘത്തിലെ അയ്യപ്പന്‍ എന്നയാള്‍ മാപ്പുസാക്ഷിയായി.
Discussion about this post