ഇസ്‌ലാമാബാദ്: റഹീംയാര്‍ ഖാന്‍ ജില്ലയിലെ ബോംഗ് എന്ന പട്ടണത്തിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ പാകിസ്ഥാനില്‍ ഉണ്ടായ ആള്‍ക്കൂട്ട ആക്രമണത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആക്രമണത്തില്‍ തകര്‍ന്ന ക്ഷേത്രം സര്‍ക്കാര്‍ പുനര്‍നിര്‍മ്മിക്കുമെന്നും, ക്ഷേത്രം തകര്‍ക്കാനെത്തിയവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു.
ആഗസ്റ്റ് 5 ബുധനാഴ്ചയാണ് സംഭവം അരങ്ങേറിയത്. ലാഹോറില്‍ നിന്നും 590 കിലോമീറ്റര്‍ അകലെ റഹീംയാര്‍ ഖാന്‍ ജില്ലയിലെ ബോംഗ് എന്ന പട്ടണത്തിലാണ് സംഭവം. ഇവിടുത്തെ മുസ്ലീം മതപാഠശാലയിലെ ലൈബ്രറിക്ക് സമീപം ഒരു ഹിന്ദുകുട്ടി മൂത്രമൊഴിച്ചു എന്ന പേരില്‍ സ്ഥലത്ത് വലിയ തോതില്‍ സാമുദായിക സംഘര്‍ഷാവസ്ഥയായിരുന്നു. ഇതാണ് ഇവിടുത്തെ സിദ്ധിവിനായക ക്ഷേത്തത്തിനെതിരായ അക്രമണത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ട്. വളരെക്കാലമായ ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ സമാധാനത്തോടെ കഴിഞ്ഞ പ്രദേശമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത് എന്ന് പ്രദേശിക മാധ്യമങ്ങള്‍ പറയുന്നു.
വലിയ കേടുപാടുകളാണ് ബോംഗ് പട്ടണത്തിലെ സിദ്ധിവിനായക ക്ഷേത്രത്തിന് സംഭവിച്ചത് എന്നാണ് ഏജന്‍സി റിപ്പോര്‍ട്ട്. ക്ഷേത്രത്തിലെ പ്രതിഷ്ഠകളും മറ്റും, മതമുദ്രവാക്യം ഉയര്‍ത്തി കല്ലും വടിയും ഇഷ്ടികയും മറ്റും ഉപയോഗിച്ച് തകര്‍ക്കാനാണ് കൂട്ടമായി എത്തിയ ആക്രമികള്‍ ശ്രമിച്ചത്.
ഹിന്ദുക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡൽഹിയിലെ പാക് ഹൈകമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചിരുന്നു.
‘നിന്ദ്യമായ ഇത്തരം ആക്രമണത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം രാജ്യം പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്. മതന്യൂന പക്ഷങ്ങളുടെ വിശ്വാസങ്ങള്‍ക്കെതിരെയും അവരുടെ ആരാധാനലായങ്ങള്‍ക്കെതിരെയും നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ സ്വതന്ത്ര്യത്തിനെതിരായ ആക്രമണമായാണ് ഇന്ത്യ കാണുന്നത്’ എന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും, സംരക്ഷണവും പാകിസ്ഥാന്‍ ഉറപ്പുവരുത്തണമെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
Discussion about this post