ചെന്നൈ: തമിഴ്നാട് നാമക്കലില്‍ മോഷണത്തിനിടെ പൊലീസ് വരുന്നത് കണ്ട് എടിഎം മെഷീന്‍ പൊളിച്ച് അകത്തു കയറി ഒളിച്ച കള്ളന്‍ പിടിയില്‍. ബിഹാര്‍ സ്വദേശിയാണ് പിടിയിലായത്. മെഷിനുള്ളില്‍ ചുരുണ്ടുകൂടിയിരുന്ന ഇയാളെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണു പുറത്തെത്തിച്ചത്.
നാമക്കല്‍ അനിയാപുരമെന്ന സ്ഥലത്തു പതിവ് രാത്രികാല പരിശോധനയിലായിരുന്ന മോഹനൂര്‍ പൊലീസ് റോഡരികിലെ ഇന്ത്യ നമ്പര്‍ വണ്‍ കമ്പനിയുടെ എടിഎമ്മില്‍നിന്ന് അസാധാരണ ശബ്ദം കേട്ട് അകത്തു കയറി നോക്കിയെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടില്ല. പക്ഷേ എടിഎം മെഷീന് മുകളിലായി സ്ഥാപിച്ച ഷീറ്റ് അല്‍പം മാറിക്കിടക്കുന്നത് പട്രോളിങ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ലൈറ്റടിച്ച് അകത്തേക്കു നോക്കിയ പൊലീസുകാര്‍ ഞെട്ടി. മെഷീനകത്ത് ഒരു യുവാവ് പതുങ്ങിയിരിക്കുന്നു.
പിടികൂടി ചോദ്യം ചെയ്തപ്പോഴാണു കവര്‍ച്ചയുടെ കഥ പുറത്തറിഞ്ഞത്. നാമക്കല്‍ പറളിയെന്ന സ്ഥലത്തെ കോഴിത്തീറ്റ നിര്‍മാണ കമ്പനിയിലെ ജീവനക്കാരനായ ബിഹാര്‍ സ്വദേശി ഉപേന്ദ്ര റോയിയാണ് കള്ളനെന്നു വ്യക്തമായി. എടിഎമ്മിന്റെ മുന്‍ഭാഗം തുറക്കുകയെന്നതു കടുപ്പമേറിയ ജോലിയാണ്. അക്കാരണത്താലാണു പിന്നില്‍ തുരന്നത്. പുറകുവശം പൂര്‍ണമായി തകര്‍ത്തു നോട്ടുകള്‍ അടുക്കിവയ്ക്കുകയായിരുന്നു പൊലീസെത്തുമ്പോള്‍ ഉപേന്ദ്ര റോയി. കൃത്യസമയത്തു പൊലീസ് എത്തിയതിനാല്‍ പണം നഷ്ടമായില്ല. 2.65 ലക്ഷം രൂപയുണ്ടായിരുന്നു കവര്‍ച്ച നടക്കുന്ന സമയത്ത് എടിഎമ്മില്‍.
Discussion about this post