മുംബൈ : വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ പേടിപ്പിച്ച് തിരികെ കൊണ്ടുവരാനായി വീട്ടിൽ മക്കളുടെ ‘മരണം’ ആസൂത്രണം ചെയ്ത ഭർത്താവ് പിടിയിൽ. മക്കളുടെ മരണം കണ്ടാൽ ഭാര്യ ഉടൻ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്തതെന്നു പ്രതി പൊലീസിനോട് പറഞ്ഞു. മുംബൈ മലാഡ് ഈസ്റ്റിനു സമീപമാണ് സംഭവം.
ഇയാൾ മദ്യപാനിയാണെന്നും ഭാര്യയെയും മക്കളെയും അവരുടെ ഗ്രാമത്തിലേക്കു പോകാൻ നിർബന്ധിച്ചിരുന്നെന്നും പൊലീസ് പറയുന്നു. രണ്ടു വർഷം മുൻപാണു ഭാര്യ മക്കളെയും കൊണ്ട് അവരുടെ ഗ്രാമത്തിലേക്കു പോയത്. കഴിഞ്ഞ മാസം ഇയാൾ മക്കളെ തിരികെ കൊണ്ടുവന്നിരുന്നു. എന്നാൽ തിരിച്ചുവരാൻ ഭാര്യ വിസമ്മതിച്ചു.
കുറർ ഗ്രാമത്തിൽ ഓഗസ്റ്റ് 7ന് രാവിലെയാണു സംഭവം. മകന്റെയും മകളുടെയും മരണം ചിത്രീകരിച്ചു പങ്കാളിയെ വശീകരിക്കാനുള്ള ഗൂഢാലോചനയാണു പ്രതി നടത്തിയതെന്നു സീനിയർ ഇൻസ്പെക്ടർ പ്രകാശ് ബെലെ പറഞ്ഞു.
എട്ടുവയസ്സുള്ള മകന്റെ ശരീരം വെള്ളത്തുണി കൊണ്ട് പൊതിഞ്ഞു ദഹിപ്പിക്കാൻ കൊണ്ടു പോകുന്നതു പോലെ ശരീരത്തിൽ മാലകൾ വച്ചതായും പ്രതി സമ്മതിച്ചു.
13 വയസ്സുള്ള മകളെ കഴുത്തിൽ കയറുകെട്ടി ബക്കറ്റിൽ നിർത്തി. കയറിന്റെ മറ്റേയറ്റം സീലിങ് ഫാനിൽ കെട്ടി. കുട്ടിയോടു ബക്കറ്റിൽനിന്നു ചാടാൻ പറഞ്ഞു. തന്നെ വിട്ടയയ്ക്കണമെന്നു പെൺകുട്ടി പിതാവിനോട് അപേക്ഷിച്ചു. പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ഫാൻ ഓണാക്കി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.
കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ പൊലീസിനെ വിവരമറിയിച്ചു. വധശ്രമത്തിനു കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കുട്ടികളെ സംരക്ഷണത്തിനായി കസ്റ്റഡിയിൽ എടുത്തെന്നും പൊലീസ് പറഞ്ഞു.
Discussion about this post