ചെന്നൈ: കോടതിയുടെ ശകാരത്തെ തുടർന്ന് നടൻ വിജയ് ആഡംബര കാറിന്റെ നികുതി അടച്ചു. ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും പിഴ വിധിക്കുകയും ചെയ്തതിനെ തുടർന്നാണ് നടൻ നികുതി അടയ്ക്കാൻ തയ്യാറായത്. നേരത്തെ അടച്ച 8 ലക്ഷത്തിനു പുറമേ 32 ലക്ഷം രൂപ കൂടിയാണ് വിജയ് അടച്ചത്.
എട്ട് വർഷങ്ങൾക്ക് മുൻപ് യുകെയിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റ് കാറിന് ഇറക്കുമതി ചുങ്കത്തിനു പുറമേ പ്രവേശന നികുതി കൂടി ചുമത്തിയതു ചോദ്യം ചെയ്താണ് വിജയ് ചെന്നൈ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കോടതി രൂക്ഷ വിമർശനത്തോടെ ഹർജി തള്ളുകയും ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്യുകയായിരുന്നു.
കോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ച വിജയ് നികുതി അടയ്ക്കാൻ തയാറാണെന്നും വിധിയിൽ തനിക്കെതിരെയുള്ള പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടു. ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യുകയും നികുതി പൂർണമായും അടയ്ക്കാൻ നിർദേശിക്കുകയുമായിരുന്നു.
അഴിമതിക്കെതിരായ പോരാട്ടമൊക്കെ സിനിമയില്‍ മാത്രം മതിയോ എന്നായിരുന്നു പിഴ വിധിച്ചതിനു ശേഷം താരത്തോട് ജസ്റ്റിസ് എം സുബ്രഹ്മണ്യൻ ചോദിച്ചത്. വിജയിയെ പോലെ നിരവധി ആരാധകരുള്ള നടൻമാർ വെറും ‘റീൽസ് ഹീറോസ്’ മാത്രമാകരുതെന്ന് കോടതി പറഞ്ഞിരുന്നു. നികുതി അടക്കാനുള്ള ബാധ്യത എല്ലാ പൗരന്മാർക്കുണ്ടെന്നായിരുന്നു കോടതിയുടെ പരാമർശം.
Discussion about this post