ടോക്കിയോ ഒളിമ്പിക്സിൽ നടത്തിയ ധീരമായ പ്രകടനത്തിന് ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയും ഗുസ്തി താരം ദീപക് പുനിയയും രജ്പുത്താന റൈഫിൾസ് കേണൽ ലെഫ്റ്റനന്റ് ജനറൽ കെജെഎസ് ദില്ലനിൽ നിന്ന് ആദരം ഏറ്റുവാങ്ങി. യഥാക്രമം 6 ലക്ഷത്തിന്റെയും 4.55 ലക്ഷത്തിന്റെയും ചെക്കാണ് ഇവർക്ക് പാരിതോഷികമായി ലഭിച്ചത്. രണ്ട് കായികതാരങ്ങളും ഇന്ത്യൻ ആർമിയുടെ രജപുതന റൈഫിൾസ് റെജിമെന്റിൽ സേവനമനുഷ്ഠിക്കുന്നു.
2021 ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ 87.58 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണ്ണം നേടിയത്. ഒളിമ്പിക് അത്‌ലറ്റിക്‌സിൽ ഒരു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് നീരജ് സ്വന്തമാക്കി. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവും നീരജ് ആണ്.
ജൂനിയർ ലോക റെക്കോർഡ് നേടിയ ഏക ഇന്ത്യൻ താരമാണ് നീരജ് ചോപ്ര. 2016 ൽ പോളണ്ടിലെ ബീഗോഷിൽ നടന്ന ഐ.എ.എ.എഫ് ലോക യൂത്ത് അത്‌ലറ്റിക്‌സ് മീറ്റിലാണ് ജാവലിൻ ത്രോയിൽ നീരജ് ലോക റെക്കോർഡോടെ സ്വർണ്ണ മെഡൽ സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരവുമാണ് നീരജ്. 86.48 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് ഇരുപത്തിമൂന്ന്കാരനായ ഇന്ത്യൻ താരം ചരിത്ര നേട്ടം സ്വന്തമാക്കിയത് . 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 88.06 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച നീരജ് സ്വർണ മെഡൽ നേടി ദേശീയ റെക്കോർഡും സ്വന്തം പേരിലാക്കി.
“നമ്മുടെ രാജ്യത്ത് അത്‌ലറ്റിക്‌സിൽ ഒരു സ്വർണ മെഡൽ എന്ന സ്വപ്നം ഒരു നിറവേറ്റിയിരുന്നു. എനിക്ക് എല്ലായ്പ്പോഴും പിന്തുണ ലഭിച്ചു, പക്ഷേ ഇന്ന്, എനിക്ക് ലഭിച്ച ആദരവും സ്നേഹവും മറ്റൊരു തലത്തിലാണ്. ഒരു സ്വർണ്ണ മെഡൽ കഴുത്തിൽ അണിയുകയും നമ്മുടെ ദേശീയഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തുന്നത് കാണുകയും ചെയ്യുന്ന ഒരു നിമിഷം ഒരു അത്ലറ്റ് എപ്പോഴും സ്വപ്നം കാണുന്നു. അത് ഒരു വ്യത്യസ്ത വികാരമാണ്. ഞാൻ നേടിയ മെഡൽ അന്തരിച്ച മിൽഖ സിംഗ് ജിയുടെ സ്വപ്നമാണെന്നും ആ സ്വപ്നം സഫലമായെന്നും ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം നമ്മുടെ ഇടയിൽ ഇല്ല എന്നത് നിർഭാഗ്യകരമാണ്, എന്നാലിന്ന് എവിടെയായിരുന്നാലും അദ്ദേഹം സന്തുഷ്ടനായിരിക്കണം.” ടോക്കിയോ ഗെയിംസിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ചോപ്ര പറഞ്ഞു.
“അത്‌ലറ്റിക്‌സിന്റെ ഭാവി അതിശയിപ്പിക്കുന്നതാണ്. ഞാൻ മാത്രമല്ല, നിരവധി കായികതാരങ്ങൾ നന്നായി ചെയ്യുന്നതായി ഞങ്ങൾ കണ്ടു. അതിനാൽ അത്ലറ്റിക്സിന്റെ വരാനിരിക്കുന്ന ഭാവി ശോഭനമാകുമെന്ന് ഞങ്ങൾക്കറിയാം.” ഇന്ത്യയിലെ അത്‌ലറ്റിക്‌സിന്റെ ഭാവി എന്തായിരിക്കുമെന്ന് ചോദ്യത്തിന് ചോപ്ര പറഞ്ഞു
ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയതിന് നീരജ് ചോപ്രയെ ഇന്ത്യൻ ആർമി ഉന്നതർ അഭിനന്ദിച്ചു. 23 കാരനായ അത്ലറ്റ് സായുധ സേനയുടെയും രാഷ്ത്രത്തിന്റെയും അഭിമാനം വാനോളമുയർത്തിയെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. ”തുടർന്നുള്ള വർഷങ്ങളിലും നിങ്ങൾ കൂടുതൽ ഉയരങ്ങളിൽ എത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. നിങ്ങളുടെ നേട്ടം മറ്റ് കായികതാരങ്ങളെ പ്രചോദിപ്പിക്കുക മാത്രമല്ല നമ്മുടെ രാജ്യത്തിന് കൂടുതൽ ബഹുമാനവും നൽകും”- റാവത്ത് പറഞ്ഞു
ജാവലിൻ ഫൈനലിൽ സ്വർണ്ണവുമായി അത്ലറ്റിക്സ് മെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച നീരജ് ചോപ്രയെ കരസേനാ മേധാവി ജനറൽ എംഎം നരവാനെയും അഭിനന്ദിച്ചു
ചൈനീസ് താരം ലിനി സുഷനെ 6-3ന് പരാജയപ്പെടുത്തിയാണ് ദീപക് പുനിയ പുരുഷൻമാരുടെ ഫ്രീസ്‌റ്റൈൽ 86 കിലോഗ്രാം വിഭാഗത്തിൽ പുരുഷ ഗുസ്തി മത്സരത്തിൽ സെമിയിലെത്തിയത്. എന്നാൽ, സെമി ഫൈനലിൽ 10-0 ന് കനത്ത തോൽവി നേരിട്ട അദ്ദേഹത്തിന് വിജയമാർഗങ്ങളിൽ ഉറച്ചുനിൽക്കാനായില്ല. സാൻ മരീനോയുടെ മൈൽസ് അമിനിനോട് 2-4 ന് തോറ്റതോടെ പുനിയ വെങ്കല മെഡൽ നഷ്ടപ്പെടുകയും ഒടുവിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു.
Discussion about this post