ആഗ്ര: ഉത്തര്‍പ്രദേശിലെ ഫത്തേപൂരിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെച്ചൊല്ലി ഉടലെടുത്ത തര്‍ക്കത്തില്‍ അനുജന്‍ ജ്യേഷ്ഠനെ കൊന്ന് വീട്ടിനുള്ളില്‍ കുഴിച്ചു മൂടി. ധോല സ്വദേശിയായ 20 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഇളയ സഹോദരനായ 16 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജൂലായ് 19ന് നടന്ന സംഭവം കഴിഞ്ഞ ദിവസം മാത്രമാണ് പുറം ലോകം അറിയുന്നത്. ഇവരുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയും തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കൊലപാതകം കണ്ടെത്തുന്നത്.
അനുജന്റെ ഫോണ്‍ ഉപയോഗിച്ച ജ്യേഷ്ഠന്‍ അതിന്റെ ലോക്ക് മാറ്റുകയും അതിനു ശേഷം അത് മറന്നുപോകുകയും ആയിരുന്നു. തുടര്‍ന്ന് നടന്ന തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനിയനെ പൊതിരെ തല്ലി. രാത്രി മണ്‍വെട്ടി കൊണ്ട് ചേട്ടനെ ആക്രമിച്ച അനിയന്‍ കൊലപാതകത്തിനു ശേഷം ജ്യേഷ്ഠന്റെ ശരീരം വീടിന്റെ പല ഭാഗത്തായി കുഴിച്ചിടുകയായിരുന്നു.
വീട്ടില്‍ ഇവര്‍ രണ്ടു പേരും മാത്രമായിരുന്നു താമസം. ഇവരുടെ മാതാപിതാക്കള്‍ നേരത്തെ മരണമടഞ്ഞിരുന്നു. മൂത്ത രണ്ട് സഹോദരിമാര്‍ വിവാഹശേഷം ഭര്‍ത്തൃവീട്ടിലാണ് താമസം. വിശദമായ ചോദ്യംചെയ്യലിന് ശേഷം പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുമെന്നും പോലീസ് പറഞ്ഞു.








