ഡല്‍ഹി: ഇന്ത്യയിലെ ബാങ്കിങ് ഉപയോക്താകള്‍ക്ക് കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള സൈബര്‍ സുരക്ഷ ഏജന്‍സിയായ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ മുന്നറിയിപ്പ്. ബാങ്കിങ് ഉപയോക്താക്കളുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താന്‍ ഫിഷിങ് അറ്റാക്കിന് ഹാക്കര്‍മാര്‍ തയാറെടുക്കുന്നുവെന്നാണ് മുന്നറിയിപ്പ്.
ഇന്റര്‍നെറ്റ് ബാങ്കിങ് വിവരങ്ങള്‍, ഒ.ടി.പി, മൊബൈല്‍ നമ്പര്‍ എന്നിവയാണ് ഇത്തരത്തില്‍ ചോര്‍ത്തുക. വ്യാജ ഇടപാടുകള്‍ നടത്താനാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്.
എന്‍ഗ്രോക് പ്ലാറ്റ്ഫോം കേന്ദ്രീകരിച്ചാണ് ഫിഷിങ് ശ്രമം നടക്കുന്നത്. ഇന്ത്യയിലെ ബാങ്കിങ് വെബ്സൈറ്റുകളാണ് പ്രധാനമായും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. അതിനാല്‍ ബാങ്കിങ് ഉപയോക്താക്കള്‍ ഹാക്കിങ്ങിന് വിധേയമായേക്കാമെന്നാണ് മുന്നറിയിപ്പ്. ഉപഭോക്താക്കള്‍ വ്യാജ എസ്.എം.എസ് അല്ലെങ്കില്‍ ഇമെയില്‍ അയച്ചാവും തട്ടിപ്പ് നടത്തുക. ഇത്തരം എസ്.എം.എസിന്റെ മാതൃകയും സൈബര്‍ സുരക്ഷാ വിഭാഗം പുറത്ത് വിട്ടിട്ടുണ്ട്.
പ്രിയ ഉപഭോക്താവെ നിങ്ങളുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. കെ.വൈ.സി പുതുക്കുന്നതിനായി താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്നായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സന്ദേശം. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫിഷിങ് സൈറ്റിലേക്ക് എത്തുന്നു. ഈ സൈറ്റിന്റെ സഹായത്തോടെ ഉപഭോക്താക്കളുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ്. സംശയാസ്പദമായ നമ്പറുകളില്‍ നിന്ന് വരുന്ന എസ്.എം.എസുകള്ക്കൊപ്പമുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് സൈബര്‍ വിദഗ്ധര്‍ നല്കുന്ന പ്രധാന മുന്നറിയിപ്പ്.
Discussion about this post