ഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തടസപ്പെടുത്തിയതിന് പ്രതിപക്ഷം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്രസര്‍ക്കാര്‍. സഭയില്‍ ബില്ലുകള്‍ പാസാക്കിയാല്‍ കൂടുതല്‍ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതിപക്ഷം ഭീഷണിപ്പെടുത്തിയതായും കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ഏഴു കേന്ദ്രമന്ത്രിമാര്‍ വിളിച്ച സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷത്തിനെതിരേ കേന്ദ്രം രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനം അലങ്കോലമാക്കി. സമ്മേളനം സുഗമമായി നടത്താന്‍ പല തവണ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ സഹകരിച്ചില്ല. സമ്മേളനം നടത്തിക്കില്ലെന്ന് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് പ്രതിപക്ഷം പ്രവര്‍ത്തിച്ചതെന്നും കേന്ദ്രമന്ത്രിമാര്‍ ആരോപിച്ചു.
സഭാ സമ്മേളനത്തിനിടെ പ്രതിപക്ഷ എംപിമാര്‍ മേശപ്പുറത്തുകയറി പ്രതിഷേധിച്ചതിനേയും കേന്ദ്രമന്ത്രിമാര്‍ വിമര്‍ശിച്ചു. പ്രതിപക്ഷത്തിന്റെ പെരുമാറ്റം പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ചേര്‍ന്നതല്ല. പ്രതിപക്ഷത്തിന്റെ പെരുമാറ്റം രാജ്യത്തിനാകെ അപമാനമാണെന്നും കേന്ദ്രമന്ത്രിമാര്‍ ആരോപിച്ചു.
ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ചില ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനം പൂര്‍ണമായും തടസപ്പെടുത്തി. വെറുതേ മുതലക്കണ്ണീര്‍ ഒഴുക്കുന്നതിന് പകരം പ്രതിപക്ഷം രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണമെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷം സഭയിലെ ഫര്‍ണിച്ചറും വാതിലും തകര്‍ത്തു. പേപ്പറുകള്‍ കീറിയെറിഞ്ഞു. പ്രതിപക്ഷ എംപിമാരുടെ കൈയേറ്റത്തിനിടെ ഒരു വനിതാ മാര്‍ഷലിന് പരിക്കേറ്റതായും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ പെരുമാറ്റം രാജ്യത്തിനാകെ അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏഴര വര്‍ഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് ജനവിധി അംഗീകരിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
Discussion about this post