തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഓണാഘോഷങ്ങൾ ചുരുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഓണസദ്യയും മറ്റ് ആഘോഷ പരിപാടികളും വീടിനുള്ളിലാക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങളും ബീച്ചുകളും സന്ദർശിക്കുന്നവർ കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓണക്കാലത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കള്ളന്മാർക്കെതിരെ ജാഗ്രത പാലിക്കണം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ സൈക്കിളുകളിലും ബൈക്കുകളിലുമുള്ള പിങ്ക് പൊലീസിന്റെ നിരീക്ഷണം ശക്തമാക്കണം. ജനമൈത്രി ബീറ്റ് സംഘങ്ങളുടെയും വനിതാ പൊലീസിന്റെയും പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി.
Discussion about this post