ഡൽഹി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് രാജ്ഘട്ടിൽ ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് അദ്ദേഹം ചെങ്കോട്ടയിലേക്ക് പോയി.
ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് സുബേദാർ നീരജ് ചോപ്ര ഉൾപ്പെടെയുള്ളവർ ചെങ്കോട്ടയിലെ ആഘോഷങ്ങളിൽ പങ്കാളികളാകും. കൊവിഡിനെതിരായ പോരാട്ടത്തിൽ ജീവത്യാഗം ചെയ്യേണ്ടി വന്ന ആരോഗ്യ പ്രവർത്തകരുടെ സ്മരണയ്ക്കായി ഇടം സജ്ജീകരിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ടയ്ക്കു ചുറ്റുമുള്ള ഉയർന്ന കെട്ടിടങ്ങളിൽ എൻ.എസ്.ജി. കമാൻഡോകൾ സജ്ജരാണ്. തലസ്ഥാന നഗരം വിവിധ സേനാവിഭാഗങ്ങളുടെയും ആധുനിക കാമറകളുടെയും നിരീക്ഷണത്തിലാണ്. ചെങ്കോട്ടയിൽ രണ്ടു പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
കർഷക സമര നേതാക്കൾ തലസ്ഥാനത്തേക്ക് ട്രാക്ടർ പരേഡ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കോട്ടക്ക് ചുറ്റും 350 സിസിടിവി കാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. 5000 പ്രത്യേക സുരക്ഷാഭടന്മാരും പോലീസുകാരും കനത്ത ജാഗ്രതയിലാണ്. ആന്റി ഡ്രോൺ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്. പി.സി.ആർ. വാനുകളും 70 സായുധ വാഹനങ്ങളും സജ്ജമാണ്. യമുനാ നദിയിൽ പട്രോളിംഗ് ബോട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്.
Discussion about this post