കൊടുങ്ങല്ലൂർ: ഷവർമയുടെ പേരിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ കേസ്. കോതപറമ്പ് സെൻററിൽ പ്രവർത്തിക്കുന്ന കഫേ കാലിഫോർണിയയിൽ ഭക്ഷണം കഴിക്കാനെത്തിയവരും സ്ഥാപന ഉടമയും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നായിരുന്നു പ്രകടനം.
ഓർഡർ ചെയ്ത ഷവർമ യഥാസമയം ലഭിച്ചില്ലെന്നും പറഞ്ഞ എണ്ണം ഉണ്ടായില്ലെന്നും ആരോപിച്ച് ഭക്ഷണം കഴിക്കാനെത്തിയവർ സ്ഥാപന ഉടമ മർഷാദ്, ഭാര്യ ജസ്ന എന്നിവരുമായി വാക്ക് തർക്കത്തിലായി. ഓർഡർ നൽകിയ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് ഉടമസ്ഥർ പറഞ്ഞു. എന്നാൽ അത് തെറ്റാണെന്നും ഓർഡർ നൽകിയ ഫോൺ സ്വിച്ചോഫ് ആയിരുന്നില്ലെന്നും ഭക്ഷണം കഴിക്കാനെത്തിയവർ പറഞ്ഞു. തുടർന്ന് ഉന്തും തള്ളുമുണ്ടായി.
ഇതിനെ തുടർന്ന് സംഭവം വർഗീയവത്കരിക്കാൻ എസ് ഡി പി ഐ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ഇവർ പ്രകടനം നടത്തിയതായി ബിജെപി ആരോപിച്ചു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഉന്തും തള്ളുമുണ്ടായ വിഷയത്തിലും മതിലകം പൊലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post