ബെംഗളൂരു: വൻതുക ബാങ്ക് വായ്പ നൽകാമെന്ന് വാഗ്ദാനം നൽകി കേരളത്തിലുടനീളം ലക്ഷങ്ങൾ തട്ടിയ നാലുപേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. തെങ്കാശി സ്വദേശി വീരകുമാർ, കോട്ടയം സ്വദേശി സരുൺ, മലപ്പുറം പാണ്ടിക്കാട് സ്വദേശി ജിബിൻ, പത്തനംതിട്ട സ്വദേശി രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
തട്ടിപ്പ് നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന പ്രതികളിൽനിന്ന് 16 എടിഎം കാർഡുകൾ, 15 മൊബൈൽ ഫോണുകൾ, വിവിധ ബാങ്കുകളുടെ പാസ് ബുക്കുകൾ എന്നിവയും കണ്ടെടുത്തു. ബത്തലഹേം അസോസിയേറ്റ്സ് എന്ന വ്യാജ മേൽവിലാസത്തിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. വ്യാജ രേഖകൾ സമർപ്പിച്ചാണ് പ്രതികൾ ബാങ്ക് അക്കൗണ്ട് തുടങ്ങിയത്.
ബാങ്ക് വായ്പ നൽകാമെന്ന് ഫോണിൽ സന്ദേശം അയച്ച് ഇടപാടുകാരെ കണ്ടെത്തിയ ശേഷമാണ് പണം കൈക്കലാക്കിയിരുന്നത്. പ്രോസസിങ് ഫീസ്, മുദ്രപത്രം, സർവീസ് ചാർജ് ഇനങ്ങളിൽ ഒന്നര ലക്ഷം രൂപയോളം പ്രതികൾ മുൻകൂറായി കൈക്കലാക്കും. തുടർന്ന് നമ്പർ ബ്ലോക്ക് ചെയ്ത് മുങ്ങുകയാണ് പതിവ്.
Discussion about this post