തിരുവനന്തപുരം: ഭഗത് സിംഗിന്റെയും വാരിയന്‍ കുന്നന്റെയും മരണത്തിലെ സമാനതകളാണ് ഇരുവരെയും സാമ്യപ്പെടുത്താന്‍ കാരണമെന്ന സ്പീക്കര്‍ എംബി രാജേഷിന്റെ പ്രസ്താവനയ്ക്കെതിരെ രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. നിര്‍ഭയ കേസിലെ പ്രതിയും ഭഗത് സിങ്ങും തൂക്കിക്കൊല്ലപ്പെട്ടു എന്നതുകൊണ്ട് അവര്‍ സമന്മാര് ആകുന്നില്ലല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
എം ബി രാജേഷ് അറിയാന്‍.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താങ്കള്‍ ഭഗത് സിങ്ങുമായി താരതമ്യം ചെയ്തതിനു ശേഷം നല്കിയ വിശദീകരണം ശ്രദ്ധിച്ചു; ഇരുവരുടെയും മരണമാണ് താങ്കള്‍ താരതമ്യം ചെയ്തതെന്ന്. അതില്‍ ചരിത്രപരമായ ചില പ്രശ്നങ്ങള്‍ വീണ്ടുമുണ്ട്.
തന്റെ കണ്ണുകെട്ടാതെ വെടിവച്ചു കൊല്ലണമെന്ന് വാരിയംകുന്നന് പറഞ്ഞെന്ന വാദത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?
ഏതെങ്കിലും ചരിത്രപുസ്തകം, അല്ലെങ്കില്‍ ദൃക്സാക്ഷി, അല്ലെങ്കില്‍ രേഖ അടിസ്ഥാനപ്പെടുത്തി ഇക്കാര്യം സമര്‍ത്ഥിക്കാമോ? 1921 എന്ന സിനിമയുടെ തിരക്കഥ എന്തായാലും റഫറന്‍സ് അല്ലല്ലോ. ഖിലാഫത്ത് ഇന്ത്യയുടെ വിഷയമല്ലെന്നും, തനിക്ക് ഖിലാഫത്തുമായി ഒരു ബന്ധവും ഇല്ലെന്നും ബ്രിട്ടീഷുകാരോട് പറഞ്ഞ വാരിയംകുന്നനാണോ കണ്ണുകെട്ടാതെ തന്നെ വെടിവച്ചു കൊല്ലാന്‍ ആവശ്യപ്പെടുന്നത്? നല്ല കഥ!
മെക്കയിലേക്ക് പോകുക എന്നൊരു ഉപാധി ബ്രിട്ടീഷുകാര്‍ വാരിയംകുന്നന് നല്കി എന്നതിനും ഒരു റഫറന്‍സ് നല്‍കുമോ?
ഭഗത് സിങ്ങിന്റെ കാര്യം അങ്ങനെയല്ല. ഒന്നാമതായി ഭഗത് സിങ്ങിന് നീതിപൂര്‍വ്വമായ വിചാരണ പോലും ലഭിച്ചില്ല. വിലങ്ങ് ധരിച്ച് വിചാരണ നേരിടണമെന്ന ഉത്തരവിനെ അംഗീകരിക്കാത്ത ഭഗത് സിങ് വിചാരണയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചത്. വിചാരണയ്ക്കായി ഉണ്ടാക്കിയത് നിയമപരമായ അംഗീകാരമില്ലാത്ത ട്രിബ്യൂണല്‍ ആയിരുന്നു.
തന്നെ വെടിവച്ചു കൊല്ലാന്‍ ഭഗത് സിങ് ആവശ്യപ്പെട്ടതിന് ചരിത്രരേഖയുണ്ട്; അദ്ദേഹം പഞ്ചാബ് ഗവര്‍ണര്‍ക്ക് അയച്ച കത്ത്. ഇതൊന്നും തന്നെ വാരിയംകുന്നന്റെ കാര്യത്തില്‍ ഇല്ല. മരണത്തിലെ സമാനത കൊണ്ട് ആള്ക്കാര് തുല്യരാകുന്നു എന്നതൊക്കെ ബാലിശമായ വാദമാണ്. നിര്‍ഭയ കേസിലെ പ്രതിയും ഭഗത് സിങ്ങും തൂക്കിക്കൊല്ലപ്പെട്ടു എന്നതുകൊണ്ട് അവര്‍ സമന്മാര് ആകുന്നില്ലല്ലോ.
മഹാത്മാ ഗാന്ധിയും അജ്മല്‍ കസബും യേര്‍വാദാ ജയിലിലെ തടവുകാര്‍ ആയിരുന്നു എന്നതുകൊണ്ട് അവരും സമന്മാര് ആകുന്നില്ലല്ലോ.
ഭഗത് സിങ് ഒരു ദേശസ്നേഹിയായിരുന്നു. അദ്ദേഹം തുര്‍ക്കിക്കു വേണ്ടിയല്ല, ഇന്ത്യയ്ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹം സ്ഥാപിക്കാന്‍ ആഗ്രഹിച്ച രാജ്യം സ്വതന്ത്ര ഭാരതം ആണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അദ്ദേഹം ആരെയും മതപരിവര്‍ത്തനത്തിന് വിധേയമാക്കിയില്ല.
അവിടെയാണ് വ്യത്യാസം.
Discussion about this post