കബൂൾ: അഫ്ഗാനിസ്ഥാന്റെ ഒരേയൊരു നല്ല സുഹൃത്ത് ഇന്ത്യ മാത്രമാണെന്ന് കബൂളിൽ നിന്നും രക്ഷപ്പെട്ട പോപ് താരം ആര്യാന സയീദ്. താൻ ഇപ്പോൾ സുരക്ഷിതയാണെന്നും ഭയാനകമായ ദിവസങ്ങൾക്ക് ശേഷം ഇപ്പോൾ ദോഹയിലാണുള്ളതെന്നും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.
മുഴുവൻ അഫ്ഗാൻ ജനതയ്ക്കും വേണ്ടി ഇന്ത്യയോട് നന്ദി പറയാൻ താൻ ഈ അവസരം വിനിയോഗിക്കുകയാണെന്ന് ആര്യാന സയീദ് വാർത്താ ഏജൻസിയോട് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലെ മികച്ച സഹകരണവും ഈ അവസരത്തിലെ മികച്ച രാക്ഷാദൗത്യവും ഇന്ത്യയുടെ മഹത്വത്തിന് ഉദാഹരണങ്ങളാണെന്നും അവർ പറഞ്ഞു.
ഇന്ത്യ വിശ്വസ്തതയുള്ള സുഹൃത്താണ്. ഇതിന് മുൻപ് ഇന്ത്യയിൽ വന്നിട്ടുള്ള ഓരോ അഫ്ഗാനിയും ഇന്ത്യയെക്കുറിച്ച് നല്ലത് മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഇന്ത്യയോട് ഞങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കും ആര്യാന പറഞ്ഞു. അഭയാർത്ഥികളോട് ഇന്ത്യ പുലർത്തുന്ന ഉദാരമായ സമീപനം ഇന്ത്യൻ സംസ്കാരത്തിന്റെ മഹത്വമാണെന്നും അവർ വ്യക്തമാക്കി.
പാകിസ്ഥാനെ നിശിതമായി വിമർശിക്കാനും താരം മറന്നില്ല. താലിബാനെ വളർത്തുന്ന ഇരുട്ടിന്റെ ശക്തിയാണ് പാകിസ്ഥാനെന്ന് അവർ പറഞ്ഞു. ഏതൊരു താലിബാൻ ഭീകരവാദിക്കും കൂറ് പാകിസ്ഥാനോടായിരിക്കുമെന്നും ആര്യാന കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥ തന്നെ ഭയപ്പെടുത്തുന്നുവെന്ന് ആര്യാന സയീദ് പറഞ്ഞു. അവർക്ക് ഇനി അനുഭവിക്കേണ്ടി വരുക അസ്വാതന്ത്ര്യവും അവകാശ ലംഘനങ്ങളുമായിരിക്കുമെന്നും താരം പറഞ്ഞു.
Discussion about this post