കോഴിക്കോട്: ഐഎസ്സിനേക്കാള്‍ ഭീകരനാണ് വാരിയംകുന്നനെന്നും മലബാറിലെ ലഹളകള്‍ക്ക് പിന്നില്‍ മതപരമായ കാരണങ്ങള്‍ മാത്രമായിരുന്നുവെന്നുമുള്ള സിപിഐ അനുകൂല സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ് പഴയ പ്രതികരണം ഇപ്പോൾ വൈറലാകുന്നു. മുന്‍പ് ‘ദ ഹിന്ദുസ്ഥാന്‍ ഡോട്ട് ഇന്‍’ എന്ന പോര്‍ട്ടലിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
മാപ്പിള ലഹളയെക്കുറിച്ച് യുവകലാസാഹിതി സംഘടിപ്പിച്ച വെബിനാറില്‍ എ.പി.അഹമ്മദ് മുന്‍പ് നടത്തിയ പ്രസംഗം നേരത്തെ വിവാദമായിരുന്നു. മലബാറില്‍ 19-ാം നൂറ്റാണ്ടില്‍ അമ്പതിലധികം കലാപങ്ങള്‍ നടന്നിരുന്നുവെന്നും അതിലൊന്നുപോലും കര്‍ഷക സമരമോ സ്വാതന്ത്ര്യസമരമോ ആയിരുന്നില്ല എന്നും വെളിപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ഇസ്ലാമിക യുദ്ധങ്ങളായിരുന്നു എല്ലാം എന്ന് വ്യക്തമാക്കിയ അദ്ദേഹം ആര്.എസ്.എസ്സിനോ ഹിന്ദുത്വത്തിനോ ഗുണകരമാകുമെന്ന് കരുതി എന്തെങ്കിലും നിലപാടെടുത്താല്‍ സംഘിപട്ടം ചാര്‍ത്തപ്പെടുമെന്ന് കരുതി ചരിത്രത്തെക്കുറിച്ചും വര്‍ത്തമാനത്തെക്കുറിച്ചും യഥാര്‍ത്ഥ വസ്തുതകള്‍ പറയാതിരിക്കാനാകില്ല എന്നും പറഞ്ഞു.
മലബാര്‍ മാപ്പിള ലഹളയെകുറിച്ചു ഒരു ഇടതുപക്ഷക്കാരന് കൂടെയായ അഹമ്മദിന്റെ പ്രസംഗം അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മലബാര്‍ കലാപവും വാരിയംകുന്നന്റെ ‘സ്വാതന്ത്ര്യ സമര സേനാനി പദവിയും’യും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അഹമ്മദിന്റെ പഴയ പ്രസംഗം വീണ്ടും വൈറലാകുന്നു.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ:
‘ഇതില്‍ ആര് എസ് എസിനു യാതൊരു റോളുമില്ല. അവരന്നില്ല. മലബാര്‍ കലാപത്തെ കുറിച്ച് ഒരു ചര്‍ച്ച നടക്കുമ്പോള്‍ എന്തൊക്കെയാണ് അന്ന് സംഭവിച്ചതെന്ന് പഴയ കാരണവര്‍മാര്‍ക്ക് നന്നായിട്ട് അറിയാം. മലബാറില്‍ വലിയ തോതിലുള്ള അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. ഹിന്ദുക്കള്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അക്കാലത്തെ മാപ്പിളമാര്‍ തന്നെ സത്യസന്ധമായിട്ട് പറയും. മലബാര്‍ കലാപം തുടക്കത്തില്‍ തന്നെ, വാരിയംകുന്നന്റെ കൈയ്യില്‍ നേതൃത്വം വന്നതോട് കൂടി ആളെ റിക്രൂട്ട് ചെയ്ത് സൈന്യം ഉണ്ടാക്കി വലിയ പടയുണ്ടാക്കി, ആയുധങ്ങള്‍ ശേഖരിച്ച്, പട്ടാളം ഉണ്ടാക്കാനായിരുന്നു തീരുമാനം. അത് എല്ലാ ചരിത്ര രേഖകളിലും ഉണ്ട്. ഹിന്ദുക്കള്‍ക്ക് വേണ്ടി അന്ന് ക്യാംപുകള്‍ തുറന്നിരുന്നു. അത് മഹാത്മാഗാന്ധിയും അംബേദ്കറും എഴുതിയിട്ടുണ്ട്. ഇത് അക്രമമാര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോയത് വാരിയംകുന്നന് ആണ്.
ഇന്ത്യയില്‍ സമാധാനപരമായി നടന്നിരുന്ന ദേശീയപ്രസ്ഥാനത്തിനെ സായുധമാക്കി മാറ്റിയത് വാരിയംകുന്നന് ആണ്. ബ്രിട്ടീഷുകാരെ ഓടിക്കണം എന്ന കാര്യത്തില്‍ വാരിയംകുന്നന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല. ബ്രിട്ടീഷുകാര്‍ പോയിക്കഴിഞ്ഞാല്‍ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. ആദ്യം മുതല്‍ക്ക് തന്നെ വാരിയംകുന്നനും കൂട്ടര്‍ക്കും വേണ്ടിയിരുന്നത് മലബാറില്‍ കിട്ടിയിടത്തോളം സ്ഥലം പിടിച്ചടക്കി, ബ്രിട്ടനെ വെല്ലുവിളിച്ച് ഇസ്ലാമിക സാമ്രാജ്യം ഉണ്ടാക്കുക എന്നതായിരുന്നു. മലബാറില്‍ ഒരു ഖിലാഫത്ത് സ്ഥാപിക്കലായിരുന്നു ലക്ഷ്യം. അതിന്റെ രേഖകളുമുണ്ട്. ഇന്ത്യയില്‍ ഒരു ചെറിയ പ്രദേശത്ത് പോലും ഇസ്ലാമിക സാമ്രാജ്യം ഉണ്ടാകരുത് എന്നല്ലേ മതേതരവാദികള്‍ പറയേണ്ടത്?. ഇതാണ് സംഭവിച്ചതെന്ന് എല്ലാവര്ക്കും അറിയാം’, അഹമ്മദ് പറഞ്ഞു.
Discussion about this post