ആലപ്പുഴ : ശ്രീലങ്കയിൽ നിന്നുള്ള സംഘം പാക്കിസ്ഥാനിലേക്ക് കടക്കാൻ കേരളം ഇടത്താവളമാക്കിയേക്കുമെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തു പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രത്യേക പരിശോധനയ്ക്കും നിർദേശമുണ്ട്.
സംസ്ഥാന ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ ബ്രാഞ്ച് പരിശോധനകൾ തുടങ്ങി. തീരദേശത്തു മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റൽ പൊലീസ് പരിശോധനകൾ നടത്തുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പരിശോധിക്കും.
ശ്രീലങ്കയിൽ നിന്നുള്ള ഒരു സംഘം കൊച്ചി വഴി പാക്കിസ്ഥാനിലേക്കു പോകുന്നുവെന്ന ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദേശം നൽകിയതെന്ന് ആലപ്പുഴ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബു പറഞ്ഞു. കടൽ മാർഗമോ കരമാർഗമോ അത്തരത്തിൽ ആരെങ്കിലും കടന്നു പോകുന്നുണ്ടോയെന്ന് അന്വേഷിക്കാനുള്ള സാധാരണ നടപടിക്രമം മാത്രമാണ് ജാഗ്രതാ നിർദേശം.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു വേണ്ടി സ്പെഷൽ ബ്രാഞ്ച് എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ഓഗസ്റ്റ് 27ന് നൽകിയ ജാഗ്രതാ നിർദേശത്തിൽ പറയുന്നത് ഇങ്ങനെ:
‘ശ്രീലങ്കൻ പൗരന്മാരായ 13 ആൾക്കാർ ശ്രീലങ്കയിൽനിന്നു ബോട്ട് മാർഗം ഇന്ത്യൻ തീരത്ത് എത്തി. ഇവർ കരമാർഗമോ ജലമാർഗമോ ആലപ്പുഴ ജില്ല വഴി കൊച്ചിയിലെത്തി അവിടെനിന്നു ജലമാർഗം പാക്കിസ്ഥാനിലേക്ക് പോകാനാണ് ശ്രമിക്കുന്നത്. തമിഴ്നാട് സ്വദേശികൾ എന്നു തോന്നിക്കുന്നവിധത്തിൽ സഞ്ചരിക്കുന്ന ഇവർ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ തങ്ങുന്നതിനു സാധ്യതയുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി ഇന്നും വരും ദിവസങ്ങളിലും ശക്തമായ വാഹന പരിശോധന നടത്തണം.
ഹോം സ്റ്റേ, റിസോർട്ട്, മറ്റു ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി സംശയാസ്പദമായിട്ടുള്ളവരെ കണ്ടെത്തി യാത്രാരേഖകൾ പരിശോധിക്കണം. ജില്ലയിലെ തീരദേശ പൊലീസ് സ്റ്റേഷനുകൾ കൂടുതൽ ജാഗ്രത പാലിക്കുകയും കടലോര ജാഗ്രതാ സമിതി പ്രവർത്തകരെ വിവരം അറിയിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യണം.
അർത്തുങ്കൽ, തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ഐഎസ്എച്ച്ഒമാർ കടലിൽ ശക്തമായ പട്രോളിങ് നടത്തി സംശയാസ്പദമായ യാനങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവരെ വിവരം ധരിപ്പിക്കുകയും ആവശ്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യണം’.
സംസ്ഥാന തലത്തിൽ ലഭിച്ച ജാഗ്രതാ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ആലപ്പുഴയിൽ ഇത്തരത്തിൽ ആരുടെയും സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് പറഞ്ഞു. സ്പെഷൽ ബ്രാഞ്ച് ആണ് പൊലീസ് സ്റ്റേഷനുകൾക്കു ജാഗ്രതാ നിർദേശം നൽകിയത്.
തീരദേശത്ത് സംശയകരമായ ജലയാനങ്ങള്‍ കാണുന്നുണ്ടോയെന്നു റിപ്പോർട്ട് നൽകാൻ മത്സ്യത്തൊഴിലാളികൾക്കും തീരദേശ പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്. ശ്രീലങ്കക്കാർ പാക്കിസ്ഥാനിലേക്കു കേരളം വഴി കടന്നുപോകുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. മുൻകരുതൽ നിർദേശം ലഭിക്കുമ്പോൾ അതിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തുന്നത് പതിവാണെന്നും ഡിവൈഎസ്പി പറഞ്ഞു.
Discussion about this post