കൊല്ലം: പൊലീസില്‍ പരാതി നല്‍കിയെന്നാരോപിച്ച് യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തില്‍പെട്ട നാലുപേരെ കിളികൊല്ലൂര്‍ പൊലീസ് ഒളിത്താവളം വളഞ്ഞ് പിടികൂടി. പാറമടയിലെ ഒളിത്താവളത്തില്‍നിന്ന് പ്രതികളെ പിടികൂടുന്നതിനിടെ കിളികൊല്ലൂര്‍ എസ്.ഐ അനീഷിന് പരിക്കേറ്റു. കിളികൊല്ലൂര്‍ ചാമ്പക്കുളം ക്ഷേത്രം നഗര്‍ 66 സജോ ഭവനില്‍ സജിന്‍ (27 – സച്ചു), പേരൂര്‍ ക്ഷേത്രത്തിനടുത്ത് പുതുശ്ശേരിക്കുളം വയലില്‍ പുത്തന്‍വീട്ടില്‍ രാജീവ് (30 – പട്ടര് രാജീവ്), കൊറ്റങ്കര പേരൂര്‍ അയ്യരുമുക്ക് തടത്തില്‍ പടിഞ്ഞാറ്റതില്‍ ജഹാസ് (30), ചാമ്പക്കുളം ക്ഷേത്രംനഗര് 126 വയലില്‍ പുത്തന്‍വീട്ടില്‍ റംസി മന്‍സിലില്‍ റാഫി (30) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 18ന് ചാമ്പക്കുളം ക്ഷേത്രത്തിന് വടക്കുവശം നക്ഷത്രനഗര്‍ 30 ബംഗ്ലാവില്‍ വടക്കതില്‍ മണികണ്ഠനെ (47) ആണ് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. മണികണ്ഠന്റെ സുഹൃത്ത് പൊലീസില്‍ ഒരു പരാതി നല്‍കിയത് മണികണ്ഠന്റെ പ്രേരണ മൂലമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം യുവാക്കള്‍ വര്‍ക്കല, കുളത്തൂപ്പുഴ എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. ഇവരെ പിടികൂടുന്നതിനായി കൊല്ലം എ.സി.പി പ്രദീപ് കുമാറിന്റെ മേല്‍നോട്ടത്തില്‍ സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
വിവരമറിഞ്ഞ പ്രതികള്‍ കുളത്തൂപ്പുഴ എസ്റ്റേറ്റില്‍ നിന്നും പള്ളിയ്ക്കല്‍ കാട്ടുപുതുശ്ശേരിയിലെ പാറമടയില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. ഒളിവില്‍ കഴിയുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം പാറമട വളഞ്ഞു. ആയുധങ്ങളുമായി പൊലീസിനെ നേരിട്ട പ്രതികളെ സാഹസികമായാണ് പിടികൂടിയത്.
ഇതിനിടെയാണ് എസ്.ഐ അനീഷിന് പരിക്കേല്‍ക്കുന്നത്. പിടിയിലായവരില്‍ ഒരാള്‍ രണ്ടുതവണ കാപ്പ കേസിലും ഇരവിപുരം സ്റ്റേഷന് അതിര്‍ത്തിയില്‍ നടന്ന ഒരു കൊലപാതകക്കേസിലും പ്രതിയാണ്. മറ്റുള്ളവരുടെ പേരിലും നിരവധി കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. ഇവരെ കിളികൊല്ലൂര്‍ പൊലീസും നിഴല്‍ പൊലീസും വിശദമായി ചോദ്യം ചെയ്തുവരുകയാണ്. സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിവരുകയാണ്.
കിളികൊല്ലൂര്‍ എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ശ്രീനാഥ്, താഹാ കോയ, ജയന് സക്കറിയ, അന്‍സര്‍ ഖാന്, എസ്.സി.പി.ഒ ഷിഹാബുദ്ദീന്, സി.പി.ഒമാരായ സാജ്, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Discussion about this post