ഡല്‍ഹി : റൂബി, മായ, ബോബി മൂവര്‍ സംഘം റെയില്‍വേയുടെ ഒന്നാം ക്ലാസ് എസി കോച്ചില്‍ യാത്രയിലാണ്. ഇന്ത്യ അഫ്ഗാനില്‍ നിന്നും ഒഴിപ്പിച്ച സംഘത്തിലെ വി ഐ പികളായിരുന്നു ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഈ മൂന്ന് ഹീറോ സ്നിഫര്‍ നായ്ക്കള്‍. ഇന്ത്യന്‍ റെയില്‍വേ വാഗ്ദ്ധാനം ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന ക്ലാസ്സില്‍ യാത്ര ചെയ്ത നായകളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.
ട്രെയിനില്‍ ഇത്രയും സൗകര്യത്തോടെ കൊണ്ടുപോകാന്‍ ഇവരൊക്കെ ആരാണെന്ന് ചോദിക്കുന്നവരോട് ഇതിലും വലിയ യാത്ര ചെയ്തവരാണ് ഇവര്‍ എന്ന മറുപടി നല്‍കേണ്ടി വരും. ജാംനഗര്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്നും ഛത്തീസ്ഗഡിലേക്കാണ് റൂബി, മായ, ബോബി എന്നിവര്‍ യാത്ര ചെയ്യുന്നത്. മൂന്ന് വര്‍ഷത്തെ നീണ്ട അഫ്ഗാന്‍ സേവനത്തിന് ശേഷമാണ് ഇവര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് പതിനെട്ടിനാണ് അഫ്ഗാനില്‍ നിന്നുമുള്ള പ്രത്യേക വ്യോമസേന വിമാനത്തില്‍ റൂബി, മായ, ബോബി എന്നീ നായകള്‍ ഡല്‍ഹിയിലെ ഐടിബിപി ചവാല ക്യാമ്പില്‍ എത്തിയത്. കാബൂളിലെ ഇന്ത്യന്‍ എംബസികളിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. ഛത്തീസ്ഗഡിലെ കെന്നല്‍ സ്‌ക്വാഡിലെത്തി പഴയ കൂട്ടുകാരെ കാണാനുള്ള ത്രില്ലിലാണ് ഇവര്‍.
അഫ്ഗാനില്‍ നിന്നും ഒഴിഞ്ഞു പോയ അമേരിക്കന്‍ സൈന്യം നായകളെ ഉപേക്ഷിച്ച് പോയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മൃഗസ്‌നേഹികള്‍ അമേരിക്കയുടെ നടപടിക്കെതിരെ രംഗത്ത് വരുകയും ചെയ്തു. പ്രതിഷേധം കനത്തതോടെ തങ്ങള്‍ നായകളെ ഉപേക്ഷിച്ചിട്ടില്ലെന്ന നിലപാടിലാണ് അമേരിക്കന്‍ സൈന്യം.
Discussion about this post