കൊച്ചി: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ അഴിമതിയും തിരിമറികളും അന്വേഷിക്കാനൊരുങ്ങി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇരിങ്ങാലക്കുട കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് ഇ.ഡി അന്വേഷണം ആരംഭിച്ചതിനു പിന്നാലെ അടുത്തകാലത്തു ഉയര്‍ന്നു വന്ന എല്ലാ സഹകരണബാങ്കുകളുടെ തട്ടിപ്പുകളും അന്വേഷണവിധേയമാകും. ഇതു സംബന്ധിച്ച് കേന്ദ്ര നിര്‍ദേശം ഇഡിക്ക് ലഭിച്ചു.
ഇടുക്കി ചിന്നക്കനാല്‍, കൊല്ലം നെടുങ്കോലം, മാവൂര്‍ തുടങ്ങിയ ബാങ്കുകളില്‍ ഉയര്‍ന്നുവന്ന ഇടപാടുകളാണ് ഇഡി അന്വേഷണത്തിലേക്ക് നയിക്കുന്നത്. ഇടുക്കി ജില്ലയില്‍ മാത്രം ആറു ബാങ്കുകളില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമത്തിന്റെ പേരില്‍ കേസെടുക്കാനാണ് ഇഡിയുടെ തീരുമാനം.
സിപിഎം നേതാക്കളുടെ ബന്ധുക്കളാണ് പല ബാങ്കുകളിലും പ്രധാന സ്ഥാനത്തുള്ളതെന്നതിനാൽ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാനുള്ള ശ്രമം പല ബാങ്കുകളുടെ കാര്യത്തിലും ഉണ്ടാവുന്നില്ല. ഈ ബാങ്കുകളില്‍ പലതും കോടികളാണ് സ്വകാര്യവ്യക്തികളിലേക്കും സൊസൈറ്റികളിലേക്കും വായ്പ നല്‍കിയിരിക്കുന്നതെന്നാണ് ആരോപണം.
നാല്പതു വര്‍ഷമായി സി പി എം ഭരിക്കുന്ന കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ആയിരം കോടി രൂപയുടെ തിരിമറി നടന്നുവെന്നാണ് പോലീസിന്റെ ആദ്യ റിപ്പോര്‍ട്ട്. ഇക്കാര്യം ഇ.ഡി യെ അറിയിച്ചിട്ടുമുണ്ട്. നൂറു കോടിയുടെ സാമ്പത്തിക തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും കണ്ടെത്തിയെന്നായിരുന്നു സഹകരണ വകുപ്പിന്റെ റിപ്പോര്‍ട്ട്.
തട്ടിയെടുത്ത പണം എങ്ങനെയാണ് ചെലവഴിച്ചതെന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. പണയപ്പെടുത്തിയ ആധാരം വീണ്ടും പണയം വച്ച് കോടിക്കണക്കിനു രൂപ തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ പണം റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട് നിര്‍മാണം എന്നിവയ്ക്കു വിനിയോഗിച്ചതായും തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.
Discussion about this post