ഡൽഹി: ഡൽഹി നിയമസഭാ മന്ദിരത്തിൽ (വിധാൻ സഭ) ആണ്ടെത്തിയ കിലോമീറ്റർ നീളുന്ന തുരങ്കത്തെക്കുറിച്ച് ചർച്ചകൾ സജീവമാണ്. 100 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലെ തുരങ്കവും തടവുകാരെ തൂക്കിലേറ്റാൻ ഉപയോഗിച്ചിരുന്ന മുറിയും നവീകരണം നടത്തി അടുത്ത ഓഗസ്റ്റ് 15നു മുൻപു പൊതുജനങ്ങൾക്കു തുറന്നു നൽകുമെന്നാണു സ്പീക്കർ റാംനിവാസ് ഗോയൽ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഇത്തരമൊരു തുരങ്കത്തെക്കുറിച്ച് ചരിത്രത്തിൽ രേഖകളൊന്നുമില്ലെന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ പറയുന്നു. ഇതൊരു ഭൂഗർഭ അറ മാത്രമാണെന്ന വാദവും ശക്തമാണ്.
ഡൽഹി നിയമസഭാ മന്ദിരത്തിൽ സഭാസമ്മേളനം നടക്കുന്ന ഹാളിലെ ഈ ഭൂഗർഭഭാഗം പുതുതായി കണ്ടെത്തിയതല്ലെന്നതാണ് വാസ്തവം. ഇതിന്റെ കഥകൾ 5 വർഷം മുൻപേ മാധ്യമങ്ങളിലെത്തിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷഘട്ടത്തിൽ ഇവ രണ്ടും പൊതുജനങ്ങൾക്കു തുറന്നു നൽകുന്നുവെന്നതാണ് പ്രത്യേകത. ‘സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി ഇവ രണ്ടും നവീകരിക്കും. നിയമസഭാ സമ്മേളനം നടക്കാത്ത സമയങ്ങളിൽ ഇവ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകും’ സ്പീക്കർ റാം നിവാസ് ഗോയൽ പറഞ്ഞു.
ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നു ഡൽഹിയിലേക്കു മാറ്റുന്നുവെന്ന പ്രഖ്യാപനം ജോർജ് അഞ്ചാമൻ രാജാവ് 1911ലാണു നടത്തിയത്. പിന്നാലെ അന്നത്തെ വൈസ്രോയി ലോർഡ് ഹാർഡിങ്സ് ആസ്ഥാനം കൊൽക്കത്തയിൽനിന്നു ഡൽഹിയിലേക്കു പറിച്ചു നട്ടു. സിവിൽ ലെയ്ൻസായിരുന്നു താൽക്കാലിക ആസ്ഥാനം. ഡൽഹിയിലെ ആദ്യത്തെ മോഡേൺ ബിൽഡിങ് ഏതെന്നു ചോദിച്ചാൽ വിധാൻ സഭയിലേക്കാണു ചരിത്രകാരൻമാർ വിരൽചൂണ്ടുക. ഇ. മൊണ്ടേഗ് തോമസ് രൂപകൽപന ചെയ്ത ഈ കെട്ടിടം 1912ലാണു പണികഴിപ്പിച്ചത്. പഴയ ചന്ദ്രവാൽ ഗ്രാമം സ്ഥിതി ചെയ്തിരുന്ന സ്ഥലം അങ്ങനെ ചരിത്രമുറങ്ങുന്ന ഒരു കെട്ടിടത്തിന്റെ കേന്ദ്രമായി.
ഇതാണ് ചരിത്രം:-
ഇവിടെയാണു കേന്ദ്ര നിയമസഭയുടെ (ഇന്നത്തെ പാർലമെന്റ്) സമ്മേളനം 1913 മുതൽ 1916 വരെ നടന്നത്. 1913 ജനുവരി 27നായിരുന്നു ആദ്യ സമ്മേളനം. മോത്തിലാൽ നെഹ്റു, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ, ലാലാ ലജ്പത് റായ് തുടങ്ങിയവർ ഇവിടെ ചർച്ചകളിൽ പങ്കെടുത്തു. ഇന്നത്തെ പല പാർലമെന്ററി തീരുമാനങ്ങളും ഇവിടെ നടന്ന ചർച്ചകളിലാണു രൂപപ്പെട്ടത്. ഡൽഹി സർവകലാശാലയുടെ ആദ്യ ബിരുദ ദാനച്ചടങ്ങ് 1923 മാർച്ച് 26നു നടന്നതും ഇവിടെ വച്ചായിരുന്നു.
കേന്ദ്ര നിയമനിർമാണ സഭ നിലവിലെ പാർലമെന്റ് മന്ദിരത്തിലേക്കു മാറ്റിയതോടെ 1926ൽ ഈ കെട്ടിടത്തിന്റെ പ്രധാന ഭാഗം ഡൽഹി സർവകലാശാലയ്ക്കു (ഡിയു) കൈമാറി. നിലവിലെ അസംബ്ലി ഹാളും സമീപത്തെ മുറികളും ഉൾപ്പെടുന്ന ഭാഗമാണു സർവകലാശാലയ്ക്കു വാടകയ്ക്കു നൽകിയത്. 350 രൂപയായിരുന്നു പ്രതിമാസ വാടക. 1952ൽ ഡൽഹി നിയമസഭ രൂപീകരിച്ചപ്പോൾ ഇവിടെയായിരുന്നു ആസ്ഥാനം. 1956ൽ നിയമസഭ പിരിച്ചുവിട്ടു. 1966ൽ ഡൽഹി മെട്രൊപ്പൊലിറ്റൻ കൗൺസിൽ രൂപീകരിച്ചപ്പോഴും യോഗം നടന്നത് ഇവിടെ വച്ചായിരുന്നു. പിന്നീട് 1993 മുതൽ ഡൽഹി നിയമസഭയുടെ ആസ്ഥാനമായി ഈ കെട്ടിടം മാറി.
കെട്ടിടം ഡിയുവിനു കൈമാറുന്നതിനു മുൻപുള്ള ചെറിയ കാലത്ത് സ്വാതന്ത്ര്യസമര സേനാനികളുടെയും വിപ്ലവകാരികളുടെയും വിചാരണക്കോടതിയായിരുന്നു ഈ കെട്ടിടമെന്നു പറയുന്നു. പ്രതിഷേധക്കാരെ ഭയന്ന് അന്നു തടവുകാരെ കൊണ്ടുവരാൻ ഉപയോഗിച്ചിരുന്നത് ഈ തുരങ്കമായിരുന്നുവെന്നാണ് സ്പീക്കർ പറയുന്നത്. എന്നാൽ ഈ വാദം സ്ഥിരീകരിക്കാൻ തെളിവുകളൊന്നും നിലവിലില്ല. ബ്രിട്ടീഷ് ഭരണകാലത്ത് പലതും സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന നിലവറ പോലുള്ള ഭാഗമാണിതെന്നാണു മറുവാദം.
അസംബ്ലി ഹാളിലെ ഈ ഭൂഗർഭഭാഗത്തിന്റെ മുഖത്തിൽനിന്നു 3 വഴികളാണു തുറക്കുന്നത്. ഒന്നാമത്തേത് കഴുമരം നിലനിന്നിരുന്ന മുറിയിലേക്ക്. ആ മുറിയിൽ ഇപ്പോൾ നിറയെ പേപ്പറുകളും ഫയലുകളുമാണ്. രണ്ടാമത്തേത് ഇപ്പോൾ സ്പീക്കർ ഇരിക്കുന്ന ഭാഗത്തേക്കാണ് പോകുന്നത്. വിചാരണക്കോടതി പ്രവർത്തിച്ചിരുന്ന സമയത്ത് സാക്ഷികളെ നിർത്തിയിരുന്നത് ഈ ഭാഗത്തായിരുന്നുവെന്നു കരുതുന്നു. മൂന്നാമതേത് എങ്ങോട്ടെന്നു നിശ്ചയമില്ല. ചെങ്കോട്ടയുടെ ഭാഗത്തേക്കെന്നാണ് ഒരു വാദം.
സ്പീക്കർ ചേംബർ ഭാഗത്തേക്കുള്ള വഴി ഇപ്പോഴും അതേപടി നിലനിൽക്കുന്നുണ്ട്. 15 അടി നീളമുള്ള ഈ ഭാഗത്തിനു നാല് അടിയോളം മാത്രമാണ് ഉയരം. അതായത് ഒരാൾക്കു നടന്നു പോകാൻ സാധിക്കില്ല. നൂണ്ടുനുഴഞ്ഞു പോകാമെന്നു മാത്രം. തുരങ്കത്തിലെ വഴിത്താരകൾ മണ്ണ് നിറഞ്ഞിരിക്കുന്നു. വശങ്ങളിൽ ഇഷ്ടിക. തടിയും കല്ലുമാണ് മേൽഭാഗത്ത്. ചെങ്കോട്ടയിലേക്ക് ഇവിടെനിന്നു നാലരകിലോമീറ്റർ ഭാഗമുണ്ട്. ഈ തുരങ്കത്തിന്റെ മറുഭാഗം കണ്ടെത്താനായിട്ടില്ല. മെട്രോ റെയിലിന്റെ അടിസ്ഥാനവും മലിനജല ചാലുകളുമെല്ലാം ഇത് അസാധ്യമാക്കിയെന്നാണു സ്പീക്കർ പറയുന്നത്. എന്നാൽ ഇത്തരമൊരു തുരങ്കത്തെക്കുറിച്ചു വിവരങ്ങളൊന്നും ലഭ്യമല്ലെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിദഗ്ധർ പറയുന്നത്.
കഴുമരം നിന്നിരുന്ന ഭാഗം ഓഫിസ് ചേംബറിന്റെ മുകളിലായാണ്. ഇവിടേക്ക് ഇരുമ്പു ഗോവണിയുണ്ട്. പഴയ ഫയലുകളും മറ്റും സൂക്ഷിച്ചിരുന്ന ഇവിടം സ്വാതന്ത്ര്യത്തിനു ശേഷം അടച്ചിട്ടിരിക്കുകയായിരുന്നു. കാര്യമെന്തായാലും 109 വർഷം പഴക്കമുള്ള ഈ കെട്ടിടത്തിനും ഈ ഭൂഗർഭ ഭാഗത്തിനുമെല്ലാം കഥയും ചരിത്രവും ഏറെ പറയാനുണ്ടാകും. ശരിയായ ചരിത്രം കണ്ടെത്തുകയാണു വേണ്ടതെന്നു ചരിത്രാന്വേഷികൾ പറയുന്നു.
Discussion about this post