കാബൂൾ: പഞ്ചശീറിലെ പ്രതിരോധ സേനക്കെതിരായ ആക്രമണത്തില്‍ താലിബാനെ പാകിസ്താൻ സഹായിക്കുന്നു എന്ന് പ്രതിരോധ സേനയുടെ നേതാവ് അഹമ്മദ് മസൂദ് പറഞ്ഞത്തിനു പിന്നാലെ പാക് വിരുദ്ധ റാലിയുമായി അഫ്ഗാനിസ്താന്‍ പൗരന്മാർ. ‘പാകിസ്താൻ അഫ്ഗാൻ വിട്ടു പോവുക’ എന്ന മുദ്രാവാക്യവും ബാനറുകളുമായി ആളുകൾ കാബൂളിലെ പാക് എംബസിക്ക് മുമ്പിലാണ് പ്രതിഷേധിച്ചത്. ഇവരിൽ കൂടുതൽ പേരും സ്ത്രീകളായിരുന്നുവെന്നാണ് എ എഫ് പി റിപ്പോർട്ട് ചെയ്യുന്നത്.
താലിബാൻ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രതിസന്ധി നിലനിൽക്കെ പാക് ഇന്റർ സർവീസ് ഇന്റലിജൻസ് ഡയറക്ടർ ജനറൽ ഫൈസ് ഹമീദിന്റെ നേതൃത്വത്തിൽ ഒരു സംഘം കാബൂളിൽ എത്തിയിരുന്നു. അധികാരത്തിന് വേണ്ടി താലിബാനകത്ത് തന്നെ പോരാട്ടം ആരംഭിച്ചതോടെയാണ് പാകിസ്താൻ പ്രത്യക്ഷമായിത്തന്നെ താലിബാൻ സർക്കാർ രൂപീകരണത്തിൽ ഇടപെട്ടത്.
നേരത്തെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് താലിബാൻ നേതാക്കളായ ബറാദർ വിഭാഗവും ഹഖാനി വിഭാഗവും പരസ്പരം വെടിവെപ്പ് നടത്തിയിരുന്നു. ഇതിൽ ബറാദറിന് പരിക്കേറ്റതായും അദ്ദേഹത്തെ പാക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രാദേശി മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പാക് ഐഎസ്ഐ സംഘം കാബൂളിലെത്തുന്നത്.
ഐഎസ്ഐ സംഘം താമസിക്കുന്ന കാബൂൾ സെറിന ഹോട്ടലിലേക്ക് മുദ്രാവാക്യവുമായി നീങ്ങിയ പ്രതിഷേധക്കാരെ പിരിച്ചു വിടാൻ വേണ്ടി താലിബാൻ ആകശത്തേക്ക് വെടിവെച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങൾ ആസ്വക ന്യൂസ് ഏജൻസി ട്വീറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് അഫ്ഗാനിസ്താനിൽ സ്ത്രീകൾ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തുണ്ട്.
Discussion about this post