ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. താരത്തിന്റെ വന്‍കുടലില്‍ രൂപപ്പെട്ട ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ താരം ശസ്ത്രക്രിയയ്ക്ക് ശേഷം സുഖംപ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഐസിയുവില്‍ പ്രവേശിപ്പിച്ച താരത്തെ ചൊവ്വാഴ്ച സാധാരണ മുറിയിലേക്ക് മാറ്റി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും താന്‍ സുഖമായിരിക്കുന്നതായും പെലെ സാമൂഹിക മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചു.
‘നിങ്ങളോടൊപ്പം ഒരുപാട് വിജയങ്ങള്‍ ഞാന്‍ ആഘോഷിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞാനിതാ പുതിയൊരു പരീക്ഷണ സന്ധിയിലാണ്. മുഖത്തൊരു പുഞ്ചിരിയോടെയാണ് ഞാനിതിനെ നേരിടുന്നത്. പ്രിയപ്പെട്ട സുഹൃത്തുക്കളും കുടുബാംഗങ്ങളും സ്‌നേഹവുമായി എന്റെ ചുറ്റുമുണ്ട് എന്നത് വലിയ ശുഭാപ്തി വിശ്വാസം നല്‍കുന്നു’- പെലെ ട്വിറ്ററില്‍ കുറിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് മെഡിക്കല്‍ ചെക്കപ്പിനായി പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെലെയ്ക്ക് വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
എണ്‍പതുകാരനായ പെലെ ബ്രസീലിന്റെ എക്കാലത്തേയും വലിയ ഫുട്‌ബോള്‍ ഇതിഹാസമാണ്. ബ്രസീലിനായി മൂന്ന് ലോകകപ്പ് നേടിയ പെലെ ലോകഫുട്‌ബോളില്‍ ഈ നേട്ടം കരസ്ഥമാക്കിയ ഏകകളിക്കാരനാണ്.
Discussion about this post