കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരില്‍ വനിതകളില്ലെന്ന് സൂചിപ്പിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് സ്ത്രീകള്‍ക്ക് ഭരണം വഴങ്ങില്ലെന്നും അവര്‍ക്ക് പ്രസവിക്കാന്‍ മാത്രമാണ് അറിയുന്നതെന്നും താലിബാന് വക്താവ് സെയ്ദ് സെക്രുള്ള ഹാഷിമി. അഫ്ഗാനിസ്ഥാനിലെ പ്രാദേശിക വാര്‍ത്താ ചാനലായ ടോളോ ന്യൂസിനു നല്കിയ അഭിമുഖത്തില്‍ താലിബാന് വക്താവിന്റെ വിവാദ പ്രസ്താവന.
ഒരു സ്ത്രീയെ സംബന്ധിച്ച് അവര്‍ക്ക് താങ്ങാന്‍ സാധിക്കാത്ത ഭാരമുള്ള വസ്തു കഴുത്തില്‍ അണിയുന്നതു പോലെയായിരിക്കും മന്ത്രിസ്ഥാനം എന്നത്. സ്ത്രീകള്‍ മന്ത്രിസഭയില്‍ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. ആ സമയം കൊണ്ട് പ്രസവിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. വനിതാ പ്രാതിനിധ്യത്തിനു വേണ്ടി ഇപ്പോള്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ അഫ്ഗാനിസ്ഥാനിലെ എല്ലാ വനിതകളുടേയും പ്രതിനിധികളാകില്ലെന്നും സെക്രുള്ള പറഞ്ഞു.
അഫ്ഗാന് സമൂഹത്തിന്റെ പകുതിയോളം സ്ത്രീകളാണെന്ന് മാദ്ധ്യമപ്രവര്ത്തകന് സൂചിപ്പിച്ചപ്പോള്‍ തങ്ങള്‍ സ്ത്രീകളെ അങ്ങനെ കണക്കാക്കുന്നില്ലെന്ന് സെക്രുള്ള പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ ഭരണം നടത്തിയിരുന്ന അമേരിക്കയുടെ പാവ ഗവണ്മെന്റ് സ്ത്രീകള്‍ക്ക് നല്‍കിയിരുന്ന സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ വേശ്യാവൃത്തിക്കു തുല്ല്യമായിരുന്നുവെന്ന് സെക്രുള്ള അഭിപ്രായപ്പെട്ടു. ഇത്തരം സ്ത്രീകളെ അഫ്ഗാന് പൗരന്മാരായി പോലും കണക്കാക്കുന്നില്ലെന്നും യഥാര്‍ത്ഥ അഫ്ഗാന് സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കുകയും അവര്‍ക്ക് ഇസ്ലാമിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുകയുമാണ് ചെയ്യേണ്ടതെന്ന് സെക്രുള്ള പറഞ്ഞു.
Discussion about this post