കായംകുളം: ആലപ്പുഴയില്‍ തിരക്കേറിയ നഗരമധ്യത്തിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവര്‍ച്ച. താലൂക്കാശുപത്രിക്ക് സമീപത്തെ കെ.പി റോഡിനോട് ചേര്‍ന്ന സാധുപുരം ജ്വല്ലറിയുടെ കൗണ്ടറിലുണ്ടായിരുന്ന 40,000 രൂപയും എട്ട് കിലോയോളം വെള്ളി ആഭരണങ്ങളും വിളക്കിചേര്‍ക്കാനായി വച്ചിരുന്ന ഒരു പവന്‍ സ്വര്‍ണാഭരണവും നഷ്ടമായി. ലോക്കര്‍ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതു കൊണ്ട് കൂടുതൽ ആഭരണങ്ങൾ നഷ്ടമായില്ല. തെളിവുകള്‍ അവശേഷിക്കാതിരിക്കാന്‍ സി.സി.ടി.വി കാമറകള്‍ തിരിച്ചു വെച്ച സംഘം ഹാര്‍ഡ് ഡിസ്കുകള്‍ ഊരിയെടുത്താണ് മടങ്ങിയത്.
ശനിയാഴ്ച രാവിലെ 9.30 ഓടെ ആര്യവൈദ്യശാല തുറന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. പുറകുവശത്തെ ഭിത്തി തുരന്ന് ആര്യവൈദ്യശാലക്കുള്ളില്‍ കയറിയ കള്ളന്‍മാര്‍ ഇതിനുള്ളില്‍ നിന്നാണ് ജ്വല്ലറിയുടെ ഭിത്തി തകര്‍ത്ത് അകത്ത് കടന്നത്. തുടര്‍ന്ന് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു ലെയര്‍ മാത്രമെ പൊളിക്കാനായുള്ളു. മോഷണശ്രമം പരാജയപ്പെട്ടതോടെ രണ്ട് ഗ്യാസ് സിലണ്ടറുകളും ഇവിടെ ഉപേക്ഷിച്ചിരുന്നു. സമീപ പ്രദേശങ്ങളില്‍ നിന്നും മോഷ്ടിച്ചവയാണ് ഇതെന്ന് കരുതുന്നു. ആര്യവൈദ്യശാലയില്‍ നിന്നും ചെറിയ തുക മോഷണം പോയിട്ടുണ്ട്.
ഗവ. ആശുപത്രി, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് എന്നിവ ഉള്‍പ്പെടെ, സദാസമയവും വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ ഭാഗത്തെ മോഷണം പൊലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. പുറകുവശം വിജനമായതാണ് കള്ളന്‍മാര്‍ക്ക് സൗകര്യമായത്.
എ.എസ്.പി എ. നസീം, ഡി.വൈ.എസ്.പി അലക്സ് ബേബി, സി.ഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ്സ്കോഡും സ്ഥലത്ത് എത്തിയിരുന്നു. കായംകുളം കരീലക്കുളങ്ങര പൊലീസിനെ കോര്‍ത്തിണക്കി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതായി എ.എസ്.പി എ. നസീം പറഞ്ഞു.
Discussion about this post