തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്സുമായി ബന്ധപ്പെട്ട ‘സാരഥി പരിവാഹന് പോര്ട്ടലി’നും വ്യാജന്മാര്. അപേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുകയാണ് ലക്ഷ്യം. ഓണ്ലൈന് സേവനങ്ങള്ക്ക് ഗൂഗിളില് ‘സാരഥി’ സെര്ച്ച് ചെയ്യുന്നവരാണ് വ്യാജന്മാരുടെ വലയില് വീഴുക. ഓണ്ലൈനില് അപേക്ഷയും ഫീസും അടക്കുന്ന രീതിയാണ് നിലവിലുള്ളത്. യഥാര്ഥ പോര്ട്ടല് ആണെന്ന മട്ടില് ഇത്തരം സൈറ്റുകളിലൂടെ അപേക്ഷഫീസായി നല്കുന്ന പണം തട്ടിയെടുക്കുകയാണ്.
യാഥാര്ഥ പോര്ട്ടലിനെ വെല്ലും വിധമാണ് വ്യാജനിലെ ക്രമീകരണവും ‘സേവന’ വിന്യാസവും. വിവരങ്ങളെല്ലാം നല്കിയ ശേഷം ബില്ലിങ് ഓപ്ഷന് കഴിഞ്ഞശേഷമേ തട്ടിപ്പ് നടന്ന കാര്യം മനസ്സിലാവൂ. ഈ സംവിധാനങ്ങളെ കുറിച്ച് ധാരണയില്ലാത്തവരാകട്ടെ വ്യാജ സൈറ്റില് പണവുമടച്ച് ലൈസന്സ് പുതുക്കി കിട്ടാനായി കാത്തിരിക്കുന്നതായും കാലാവധി കഴിഞ്ഞ ലൈസന്സ് ഉപയോഗിക്കുന്നതായും കണ്ടെത്തി. ചില ഡ്രൈവിങ് സ്കൂളുകളാണ് പരാതി നല്കിയത്. ലൈസന്സ് പുതുക്കലടക്കം വിവരങ്ങള് ഈ- പോര്ട്ടലുകളില് കാണുന്നത് മൂലം തെറ്റിദ്ധരിക്കപ്പെടുന്നവരാണ് ഏറെയും.
വാഹന്, സാരഥി പോര്ട്ടലുകള് ഏകീകൃത ഓണ്ലൈന് സംവിധാനമായതിനാല് ഉത്തരേന്ത്യന് സംസ്ഥാനങ്ങള് കേന്ദ്രീകരിച്ചാണ് വ്യാജന്മാര് പ്രവര്ത്തിക്കുന്നത്. ഇത്തരം വെബ്സൈറ്റുകള്ക്കെതിരെ നടപടിയെടുക്കുന്നതിന് പരിമിതികളുള്ളതിനാല് അപേക്ഷ സമര്പ്പിക്കുന്നവര് ജാഗ്രതപുലര്ത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് നിര്ദേശിക്കുന്നു. സ്വന്തം നിലക്ക് അപേക്ഷ നല്കാന് സാധിക്കാത്തവര്ക്ക് അക്ഷയ, ഇ- സേവ കേന്ദ്രങ്ങള് ഉപയോഗപ്പെടുത്താം. മാത്രമല്ല, മോട്ടോർ വാഹന വകുപ്പിന്റെ പോര്ട്ടലില് ‘സിറ്റിസണ് കോര്ണര്’, ‘ഓണ്ലൈന് സര്വിസസ്’ എന്നീ ഭാഗങ്ങളില് ഓണ്ലൈന് സേവന ലിങ്ക് ലഭിക്കും. വാഹന്, സാരഥി പോര്ട്ടലുകളുടെ ലിങ്കും ഉണ്ട്.
Discussion about this post