ഡൽഹി: ഡൽഹിയിൽ പിടിയിലായ ഭീകരരുടെ ലക്‌ഷ്യം ഉത്സവ സീസണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്തുക എന്നതായിരുന്നു എന്നാണ് വിവരം. നവരാത്രി, രാംലീല ആഘോഷങ്ങൾക്കിടെ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിമാണ് ഇവർക്കു സാമ്പത്തിക സഹായം ക്രമീകരിച്ചിരുന്നതെന്നു ഡൽഹി പൊലീസ് സ്പെഷൽ കമ്മിഷണർ നീരജ് ഠാക്കൂർ പറഞ്ഞു. യുപി നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു സംസ്ഥാനത്തു വലിയ ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യവും സംഘത്തിനുണ്ടായിരുന്നു.
മുംബൈ സ്വദേശി ജാൻ മുഹമ്മദ് ഷെയ്ഖ് (47), ഡൽഹി സ്വദേശി ഒസാമ(22), റായ്ബറേലിയില്‍നിന്നുള്ള മൂൽചന്ദ് (47), പ്രയാഗ്‍രാജിൽനിന്നുള്ള സീഷാൻ കമർ (28), ബറൈച്ച് സ്വദേശി മുഹമ്മദ് അബൂബക്കർ (23), ലക്നൗ സ്വദേശി മുഹമ്മദ് അമീർ ജാവേദ് (31) എന്നിവരെയാണ് ചൊവ്വാഴ്ച ഡൽഹി പൊലീസ് സ്പെഷൽ സെൽ പിടികൂടിയത്. പിടിയിലായവരിൽ രണ്ടു പേർ പാക്കിസ്ഥാനിൽ പരിശീലനം കഴിഞ്ഞെത്തിയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഐഎസ്ഐയുടെയും അധോലോക സംഘങ്ങളുടെയും പിന്തുണ ഇവർക്കുണ്ടായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി.
വിവിധ ഏജൻസികളിൽനിന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ഭീകരർക്കായി തിരച്ചിൽ നടത്തിയത്. ചൊവ്വാഴ്ച രാവിലെ രാജസ്ഥാനിലെ കോട്ടയിൽനിന്ന് ഒരു ഭീകരനെ പിടികൂടി. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേനയുടെ സഹകരണത്തോടെ മൂന്ന് പേരെ കണ്ടെത്തി. മറ്റു രണ്ടു പേരെ ഡൽഹിയിൽനിന്നും അറസ്റ്റ് ചെയ്തതായി സ്പെഷൽ സെൽ ഉന്നത ഉദ്യോഗസ്ഥൻ നീരജ് താക്കൂർ പ്രതികരിച്ചു. എന്നിവരാണു പിടിയിലായത്. ഇവരുടെ പക്കൽനിന്നും രണ്ട് ഗ്രനേഡുകൾ, സ്ഫോടക വസ്തുക്കൾ, ഒരു കിലോ ആർഡിഎക്സ്, ഇറ്റാലിയൻ നിര്‍മിത തോക്ക് എന്നിവ പിടിച്ചെടുത്തു.
ഭീകരരെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഒസാമ, കമർ എന്നിവർ മസ്കറ്റിൽനിന്ന് ബോട്ട് വഴി പാക്കിസ്ഥാനിലെത്തി പരിശീലനം നേടിയെന്നാണു അന്വേഷണ സംഘത്തിൽനിന്നു ലഭിക്കുന്ന വിവരം. പാക്കിസ്ഥാനിലെ ഫാം ഹൗസിൽ 15 ദിവസം താമസിച്ച ഭീകരർ ആയുധ പരിശീലനവും നടത്തി. പാക്ക് പിന്തുണയുള്ള ഭീകരർ രാജ്യത്ത് സ്ഫോടനം നടത്താൻ ശ്രമിക്കുന്നെന്ന വിവരമാണു അന്വേഷണ സംഘത്തിന് ലഭിച്ചത്.
മുംബൈ, ലക്നൗ, പ്രയാഗ്‍രാജ്, റായ്ബറേലി, പ്രതാപ്ഗഡ് എന്നിവിടങ്ങളിലെല്ലാം ഒരുമിച്ചാണു വ്യത്യസ്ത സംഘങ്ങൾ പരിശോധന നടത്തിയത്. പിടിയിലായവരിൽ ഷെയ്ഖ്, മൂൽചന്ദ് എന്നിവർ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ നിർദേശങ്ങൾക്കനുസരിച്ചാണു പ്രവർത്തിച്ചിരുന്നത്. ആയുധക്കടത്ത്, ഹവാല ഇടപാടിലൂടെ പണം കണ്ടെത്തൽ എന്നിവ കൈകാര്യം ചെയ്തത് ഇവരായിരുന്നു. പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ച രണ്ടു പേർക്കാണു സ്ഫോടക വസ്തുക്കൾ സ്ഥാപിക്കാനുള്ള ചുമതല ലഭിച്ചത്. സംഘത്തിലെ മറ്റുള്ളവരെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
Discussion about this post