ഡൽഹി:അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 32 വനിതാ ഫുട്ബോൾ കളിക്കാർ ജീവൻ രക്ഷാർത്ഥം പാകിസ്താനിലേക്ക് പാലായനം ചെയ്തതായി റിപ്പോർട്ടുകൾ. തോർഖാം അതിർത്തി കടന്നാണ് ഇവർ പാകിസ്താനിലെത്തിയത്. അധികാരത്തിലെത്തിയപ്പോൾ മുതൽ താലിബാൻ ഭരണകൂടം ഇവരെ ഭീഷണിപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ.
കുടുംബസമേതമാണ് കായികതാരങ്ങൾ പാകിസ്താനിലെത്തിയതെന്നാണ് മാധ്യമറിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കായിക താരങ്ങളെ രക്ഷിക്കാൻ പാകിസ്താൻ ഇവർക്ക് അടിയന്തിര മാനുഷിക വിസ നൽകിയിരുന്നു. ഇതിൻറെ പിൻബലത്തിലാണ് ഇവർ പാകിസ്താനിലെത്തിയത്. ഫിഫ ലോകകപ്പ് തയ്യാറെടുപ്പിനായുള്ള മത്സര സ്റ്റേഡിയത്തിൽ ദേശീയ ജൂനിയർ പെൺകുട്ടികളുടെ ടീമംഗങ്ങളെ പാർപ്പിച്ചിരുന്നു. മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ അനുസരിച്ച് ഖത്തറിലേക്ക് പോകേണ്ടതായിരുന്നു ഇവർ. ഓഗസ്റ്റ് 26 ന് കാബൂൾ വിമാനത്താവളത്തിൽ നടന്ന ബോംബാക്രമണത്തിൽ 13 അമേരിക്കക്കാരും 170 അഫ്ഗാൻ പൗരന്മാരും കൊല്ലപ്പെട്ടതിനാൽ വിമാനത്താവളം അടച്ചിടുകയും ഇവരുടെ യാത്രമുടങ്ങുകയും ചെയ്തു.
എന്നാൽ കളിക്കാർ വിമാനത്താവളത്തിൽ അഭയം പ്രാപിച്ചതറിഞ്ഞ് താലിബാൻ ഭരണകൂടം ഇവരെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടീഷ് ആസ്ഥാനമായുള്ള എൻജിഒ ഫുട്ബോൾ ഫോർ പീസ് സർക്കാരും പാകിസ്താൻ ഫുട്ബോൾ ഫെഡറേഷനായ അഷ്ഫാക്ക് ഹുസൈൻ ഷായും സംയുക്തമായാണ് കായിക താരങ്ങളെ അഫ്ഗാനിൽ നിന്ന് രക്ഷിക്കാൻ നീക്കം നടത്തിയത്. 32 ഫുട്ബോൾ കളിക്കാരും അവരുടെ കുടുംബങ്ങളും ഉൾപ്പെടെ 115 പേരെ പാക്കിസ്താനിലേക്ക് കൊണ്ടുവന്നതായാണ് ഡോൺ പത്രം റിപ്പോർട്ടു ചെയ്യുന്നത്. താലിബാൻ അധികാരം ഏറ്റെടുത്ത ശേഷം വനിതാ കായിക താരങ്ങളെല്ലാം ഒളിവിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
താലിബാൻ ഭരണത്തിൻ കീഴിൽ വനിതാ കായികതാരങ്ങളുടെ അവസ്ഥ വളരെ ദയനീയമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് പ്രതിസന്ധി നിലനിൽക്കുകയാണെന്ന് പാക്കിസ്താൻ ഇൻഫർമേഷൻ മന്ത്രി ഇസ്ലാമാബാദിൽ പറഞ്ഞു. “അഫ്ഗാനിസ്ഥാൻ വനിതാ ഫുട്ബോൾ ടീമിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, അവർ അഫ്ഗാനിസ്ഥാനിൽ നിന്ന് തോർഖാം അതിർത്തിയിലെത്തിയിട്ടുണ്ട് . അവരെ പാകിസ്താൻ ഫുട്ബോൾ ഫെഡറേഷന്റെ പ്രതിനിധികൾ സ്വീകരിക്കും ‘, പാക്കിസ്താൻ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി ട്വീറ്റിലൂടെ അറിയിച്ചു.
Discussion about this post