കൊല്ലം: പ്രോട്ടോകോൾ പ്രശ്നത്തിന്റെ പേരിൽ സിപിഎം ജനപ്രതിനിധികൾ തമ്മിൽ പോര്. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റും എം.നൗഷാദ് എം.എൽ.എ.യും തമ്മിലാണ് തർക്കം. അടുത്തിടെ സംസ്ഥാന സർക്കാർ പദ്ധതികളുടേതടക്കം നടന്ന ഉദ്ഘാടനച്ചടങ്ങുകളിൽ പ്രോട്ടോകോൾ ലംഘനമുണ്ടായെന്നും എം.എൽ.എ.യ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നുമാണ് നൗഷാദിന്റെ പരാതി.
ഈ സാഹചര്യത്തിൽ തദ്ദേശ ജനപ്രതിനിധികളുടെയും ഭരണത്തലവന്മാരുടെയും എം.എൽ.എ.യുടെയും പ്രോട്ടോകോൾ പ്രകാരമുള്ള സ്ഥാനങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തണമെന്നു കാട്ടി സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് എം.നൗഷാദ് എം.എൽ.എ. കത്തു നൽകി.
അടുത്തിടെ നടന്ന റോഡ് ഉദ്ഘാടനത്തിന് മേയറെ നിശ്ചയിക്കുകയും എം.എൽ.എ.യെ ആശംസാപ്രസംഗകനാക്കുകയും ചെയ്തിരുന്നു. തുടർന്ന് ചടങ്ങിനെത്തിയ എം.നൗഷാദ് എം.എൽ.എ. പരിപാടി ബഹിഷ്കരിക്കാൻ തുനിഞ്ഞെങ്കിലും ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയുടെ ഭാഗമായി നടന്ന ചില ഉദ്ഘാടനങ്ങളും മേയറാണ് നിർവഹിച്ചത്. സി.പി.എം. പ്രാദേശിക ഘടകങ്ങളിലും വിഷയം അനൗദ്യോഗിക ചർച്ചയാകുന്നത് പാർട്ടിക്ക് നാണക്കേടായിരിക്കുകയാണ്.
Discussion about this post