അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിന് വേണ്ടിയുള്ള റീറ്റ് പരീക്ഷയ്ക്കിടെ ബ്ലൂടൂത്ത് ചപ്പലുകള്‍ ഉപയോഗിച്ച് കോപ്പിയടിച്ച അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചപ്പലിനുള്ളില് മൊബൈല്‍ ഫോണിന്റെ ഹാര്‍ഡ് ഡിസ്ക് അടക്കമുള്ള ഉപകരണങ്ങളും ചെവിയില്‍ ബ്ലൂടൂത്ത് ഹെഡ്സെറ്റുമായാണ് ഇവര്‍ പരീക്ഷയ്ക്ക് ഹാജരായത്.
ഉദ്യോഗാര്‍ത്ഥിയുടെ ചപ്പലിനുള്ളിലുള്ള മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് ഡിസ്കുമായി ചെവിയിലെ ഹെഡ്സെറ്റ് ബന്ധിപ്പിച്ചിട്ടുണ്ടാകും. ഇതു വഴി സുഹൃത്തിന്റെ മൊബൈലിലേക്ക് വിളിച്ച് ചോദ്യങ്ങള്‍ വായിച്ചു കൊടുത്ത ശേഷം സുഹൃത്ത് ഉത്തരങ്ങള്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് പറഞ്ഞു കൊടുക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി.
രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ അദ്ധ്യാപകരായി നിയമനം ലഭിക്കുന്നതിന് റീറ്റ് പരീക്ഷ പാസാകണമെന്നത് നിര്‍ബന്ധമാണ്. 31,000 ഒഴിവുകള്‍ക്ക് വേണ്ടി 16 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നതിന് ഹാജരായത്. കോപ്പിയടി പതിവായ ഇത്തരം പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പായി രാജസ്ഥാനില്‍ ഉടനീളം 12 മണിക്കൂര്‍ നേരത്തേക്ക് ഇന്രര്നെറ്റ്, എസ് എം എസ് മുതലായ സേവനങ്ങള്‍ പൊലീസിന്റെ നിര്‍ദേശപ്രകാരം മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ നിര്‍ത്തി വച്ചിരുന്നു.
ബ്ലൂടൂത്ത് ചപ്പലുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പിനു പിറകില്‍ വലിയൊരു സംഘം തന്നെയുണ്ടാകാമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ചപ്പലിന്റെ സോള്‍ പകുതിക്കു വച്ച് അറുത്തു മാറ്റിയാണ് മൊബൈല്‍ ഫോണിന്റെ ഹാര്‍ഡ് ഡിസ്ക് ഫിറ്റ് ചെയ്യാന്‍ സ്ഥലം ഉണ്ടാക്കിയത്. ഇത്തരത്തില്‍ ഒരു ചപ്പല്‍ ഉണ്ടാക്കാന്‍ കുറഞ്ഞത് രണ്ട് ലക്ഷം രൂപയുടെ ചിലവ് വരുമെന്നതിനാലാണ് ഈ തട്ടിപ്പിനു പിന്നില്‍ വമ്ബന്‍ സംഘം ഉണ്ടാകാമെന്ന കണക്കുകൂട്ടലില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.
അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും തട്ടിപ്പിനു പിന്നിലുള്ള എല്ലാവരും ഉടന്‍ പിടിയിലാകുമെന്നും രാജസ്ഥാന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. റീറ്റ് പരീക്ഷയുടെ അടുത്ത ഘട്ടത്തില്‍ ഷൂസ്, ചപ്പല്‍, സോക്സ് പോലുള്ള വസ്തുക്കള്‍ പരീക്ഷാ ഹാളിന്റെ ഉള്ളില്‍ കയറ്റുന്നത് തടയുന്നത് അടക്കമുള്ള പദ്ധതികള്‍ ആലോചിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Discussion about this post