ഡൽഹി: കോൺഗ്രസ് പ്രവേശനത്തിന് മുന്നോടിയായി സിപിഐ നേതാവ് കനയ്യ കുമാർ പാർട്ടി ആസ്ഥാനത്തെ എയർ കണ്ടീഷണർ ഊരിക്കൊണ്ട് പോയി. ബിഹാർ മുൻ എം എൽ എയും സിപിഐ നേതാവുമായ രാംനരേഷ് പാണ്ഡെയുടെ വാക്കുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായിരുന്നു കനയ്യ. അക്കാലത്ത് പാർട്ടി സംസ്ഥാന ആസ്ഥാനത്ത് കനയ്യ സ്വന്തമായി സ്ഥാപിച്ച എസിയാണ് ഇപ്പോൾ ഊരി മാറ്റിയിരിക്കുന്നത്.
താൻ സിപിഐ ഓഫീസ് വിടുകയാണെന്നും മറ്റൊരു മുറി എടുക്കുകയാണെന്നും കനയ്യ സിപിഐ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എസി അവിടെ സ്ഥാപിക്കുമെന്നാണ് സൂചന.
അതേസമയം കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ സിപിഐയിലും കോൺഗ്രസിലും ഒരേ പോലെ അസംതൃപ്തർ ഉള്ളതായാണ് റിപ്പോർട്ട്. കനയ്യയുടെ അതിതീവ്രമായ നിലപാടുകൾ മുതിർന്ന ചില കോൺഗ്രസ് നേതാക്കൾക്ക് ദഹിക്കുന്നില്ല. കനയ്യയെ ബിംബവത്കരിക്കാൻ ശ്രമിച്ച സിപിഐ നേതാക്കൾ തികഞ്ഞ ആശയക്കുഴപ്പതിലാണെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.








