ഡല്‍ഹി: പഞ്ചാബിൽ കോൺഗ്രസിനെ വിറപ്പിച്ച് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് . കോണ്‍ഗ്രസ് വിട്ട ക്യാപ്റ്റൻ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തി. പഞ്ചാബ് വികാസ് പാര്‍ട്ടി എന്നാകും അമരീന്ദറിന്റെ പുതിയ പാര്‍ട്ടിയുടെ പേരെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പുതിയ പാര്‍ട്ടിയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട്, തനിക്ക് അടുപ്പമുള്ള നേതാക്കളുടെ യോഗം വരുംദിവസങ്ങളില്‍ അമരീന്ദര്‍ വിളിച്ചു ചേര്‍ക്കും.
നവ്‌ജോത് സിങ് സിദ്ദു വിരുദ്ധപക്ഷത്തുള്ള എല്ലാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തേക്കും. തന്റെ പ്രഥമ ലക്ഷ്യം സിദ്ദുവിനെ പരാജയപ്പെടുത്തുക എന്നതാണെന്ന് നേരത്തെ തന്നെ അമരീന്ദര്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ദുവിനെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ ആകും പുതിയ പാര്‍ട്ടിയില്‍നിന്ന് അമരീന്ദര്‍ കളത്തിലിറക്കുക. പഞ്ചാബിലെ എല്ലാ കര്‍ഷക സംഘടനാ നേതാക്കളെയും അമരീന്ദര്‍ ബന്ധപ്പെടുമെന്നും സൂചനയുണ്ട്.
ചെറുപാര്‍ട്ടികളുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയേക്കും. ഉള്‍പാര്‍ട്ടി കലഹത്തെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് വിടുകയാണെന്നും എന്നാല്‍ ബി.ജെ.പിയില്‍ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തില്‍നിന്ന് നേരിടേണ്ടി വന്ന അപമാനത്തില്‍ ഏറെ ദുഃഖിതനാണെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു.
Discussion about this post