മയക്കുമരുന്ന് കേസില്‍ ആര്യന് ഖാന് അറസ്റ്റിലായതോടെ ആശ്വസിപ്പിക്കാനെത്തുന്നവരോട് കുറച്ചു ദിവസത്തേക്ക് വീട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ഷാരൂഖ് ഖാൻ. ബോളിവുഡിലെ മറ്റ് അഭിനേതാക്കളോടും സുഹൃത്തുക്കളോടും ഷാരൂഖ് ഖാന്റെ മാനേജര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുകയാണ് എന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. താരങ്ങള്‍ വരുന്നതും കാത്ത് ഷാരൂഖിന്റെ വീടിന് മുന്നില്‍ കാത്തു നില്ക്കുന്ന പാപ്പരാസികളുടെ ശല്യം ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആര്യന്റെ അറസ്റ്റിന് പിന്നാലെ സല്മാന് ഖാന് അടക്കം നിരവധി താരങ്ങളാണ് നടനെ ആശ്വസിപ്പിക്കാനായി മന്നത്തിലേക്ക് എത്തിയത്. ബോളിവുഡ് താരങ്ങളായ സല്മാന് ഖാന്, ദീപികാ പദുക്കോണ്‍, കജോള്‍, കരണ്‍ ജോഹര്‍, രോഹിത്ത് ഷെട്ടി തുടങ്ങി നിരവധി പേര് ഇതിനോടകം ഷാരൂഖിന്റെ വീട്ടില്‍ എത്തികഴിഞ്ഞു.
നിരവധി താരങ്ങള്‍ ആര്യന് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലും എത്തിയിട്ടുണ്ട്. കൂടാതെ നിരവധി മെസേജുകളും കോളുകളുമാണ് ഷാരൂഖിന് ലഭിക്കുന്നത്. ഇതോടെ കുറച്ചു ദിവസത്തേക്ക് വീട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് താരം.
കഴിഞ്ഞ ദിവസം മുംബൈയിലെ ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക് ബ്യൂറോ നടത്തിയ പരിശോധനയിലാണ് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെടെ 9 പേര് അറസ്റ്റിലായത്. ആര്യന് ഖാന്റെ ലെന്‍സ് കെയിസിലും കപ്പലിലെ മെഡിസിന് ബോക്സില്‍ നിന്നും കപ്പലിലുണ്ടായിരുന്ന സാനിറ്ററി പാഡുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍.
എംഡിഎംഎ, കൊക്കെയ്ന്‍ തുടങ്ങിയ ലഹരി മരുന്നുകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. ആഡംബര കപ്പലിന്റെ ഉടമയെ ഇന്ന് എന്‍ സി ബി ചോദ്യം ചെയ്യും. അതേസമയം ആര്യന് ഖാന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ആര്യനെ മറ്റന്നാള്‍ കോടതിയില്‍ ഹാജരാക്കും.
Discussion about this post