തിരുവനന്തപുരം: ജമ്മു കശ്മീരിലെ പൂഞ്ചില്‍ തിങ്കളാഴ്ച ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ ഭൗതിക ശരീരം ബുധനാഴ്ച രാത്രി 9.30 ഓടെ തിരുവനന്തപുരത്ത് എത്തിച്ചു. സംസ്ഥാന സര്‍ക്കാരിനായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പുഷ്പചക്രം സമര്‍പ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയും സന്നിഹിതനായിരുന്നു.
സേനയെ പ്രതിനിധീകരിച്ച് കേണൽ മുരളി ശ്രീധരൻ മൃതദേഹം ഏറ്റുവാങ്ങി. ബുധനാഴ്ച രാത്രി പാങ്ങോട് സൈനിക ക്യാംപില്‍ സൂക്ഷിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ സ്വദേശമായ കൊട്ടാരക്കര ഓടനാവട്ടം കുടവട്ടൂരിലേക്ക് കൊണ്ടുപോകും. കുടവട്ടൂർ എൽപി സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷം ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ ധീരജവാന് നാട് വിടചൊല്ലും.
Discussion about this post