ശ്രീനഗര്‍: ജമ്മുവില്‍ നിന്ന് ചാരപ്രവര്‍ത്തനം സംശയിച്ച് രണ്ട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യന്‍ സൈന്യം അറസ്റ്റുചെയ്തു. സൈന്യത്തിന്റെ 68 സായുധ റെജിമെന്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. അബ്ദുള്‍ അമീന്‍, അബ്ദുള്‍ സലിം എന്നിവരാണ് പിടിയിലായത്. പാകിസ്ഥാന്‍ പൗരന്മാരും മ്യാന്‍മര്‍ പൗരന്മാരും അംഗങ്ങളായ ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇരുവരും സജീവമായി ഇടപെട്ടിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. ഇവരില്‍ നിന്ന് സ്‌മാര്‍ട്ട് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ എന്തെങ്കിലും രഹസ്യ വിവരമുണ്ടോ എന്ന് വ്യക്തമല്ല. അറസ്റ്റിലാവരെ ചോദ്യം ചെയ്തശേഷം സൈന്യം പൊലീസിന് വിട്ടു കൊടുത്തു. ഇവര്‍ ചാരപ്രവര്‍ത്തനം നടത്തിയോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് നേരത്തേ തന്നെ പല കോണുകളില്‍ നിന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലും വ്യക്തമാക്കിയിരുന്നു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളില്‍ ചിലര്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും അതുകൊണ്ടു അവരെ രാജ്യത്ത് നിലനിര്‍ത്താനാകില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും റോഹിങ്ക്യന്‍സിനെതിരെ രംഗത്തുവന്നിരുന്നു. റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളല്ലെന്നും വലിഞ്ഞു കേറിവന്ന ഭീകരവാദ ബന്ധമുള്ളവരാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.







