കബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രാകൃത ഭരണം തുടർന്ന് താലിബാൻ. വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ ടീം അംഗത്തെ തലയറുത്ത് കൊലപ്പെടുത്തി. മഹ്ജബിന്‍ ഹക്കീമി എന്ന യുവതാരത്തെയാണ് താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകം പുറത്തുപറയരുതെന്ന് താരത്തിന്റെ കുടുംബത്തെ താലിബാന്‍ ഭീഷണിപ്പെടുത്തിയതായും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബർ ആദ്യവാരമായിരുന്നു സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മെഹ്ജബിന്റെ അറ്റുപോയ തലയുടേയും രക്തക്കയുള്ള കഴുത്തിന്റേയും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. താലിബാന്‍ അഫ്ഗാനിസ്താന്‍ ഭരണം പിടിച്ചെടുക്കുന്നതിന് മുമ്പ് രണ്ട് താരങ്ങള്‍ക്ക് മാത്രമേ രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടുള്ളൂവെന്നും ബാക്കിയുള്ളവരെല്ലാം ഒളിവിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ താലിബാനെ ഭയന്ന് 32 വനിതാ ഫുട്ബോൾ കളിക്കാർ അഫ്ഗാനിസ്ഥാൻ വിട്ടതായി വാർത്തകൾ വന്നിരുന്നു. അധികാരത്തിലെത്തിയപ്പോൾ മുതൽ താലിബാൻ ഭരണകൂടം ഇവരെ ഭീഷണിപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ. താലിബാൻ ഭരണത്തിൻ കീഴിൽ വനിതാ കായികതാരങ്ങളുടെ അവസ്ഥ വളരെ ദയനീയമാകുമെന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.












