പാലക്കാട്: ചെറിയ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും പെരുമഴ. പാലക്കാട് ഡാമിന് സമീപം ഉരുൾ പൊട്ടി. വടക്കഞ്ചേരി മംഗലം അണക്കെട്ടിനു സമീപം ഓടന്തോടിലാണ് ഉരുൾ പൊട്ടലുണ്ടായത്.
പ്രദേശത്തെ മിക്ക വീടുകളിലും വെള്ളം കയറി. റോഡിലേക്കു കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെട്ടു. സമീപ പ്രദേശത്തുള്ള കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി.
കോട്ടയത്തും കൊല്ലത്തും ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായി കനത്ത നാശം സംഭവിച്ച കൂട്ടിക്കലിലും കിഴക്കൻ മേഖലകളിലും മഴ ശക്തമാണ്. കൂട്ടിക്കലിനു പുറമേ ഏന്തയാർ, കൊക്കയാർ എന്നിവിടങ്ങളിലും മഴ തുടരുന്നുണ്ട്.
പൂഞ്ഞാർ, തീക്കോയി മേഖലയിലും മഴയുണ്ട്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, എറണാകുളം,പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.












