പാലക്കാട്: പാലക്കാട് മുണ്ടൂരിലെ ഒരു ഫര്‍ണ്ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശി വാസിം ആണ് കൊല്ലപ്പെട്ടത്. വാജിദെന്ന തൊഴിലാളിയാണ് ആക്രമണം നടത്തിയത്. മറ്റൊരു തൊഴിലാളിക്കും സംഘര്‍ഷത്തിനിടെ പരിക്കേറ്റു. ഒരേ കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച വാസിമും അക്രമിച്ച വാജിദും.
സ്വത്തിനെച്ചൊല്ലി ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആശാരി പണിക്കാരനായ വാജിദ് ഉളി കൊണ്ട് വാസിമിന്റെ കഴുത്തില്‍ ആഞ്ഞു കുത്തുകയായിരുന്നു.
ഗുരുതര പരിക്കുകളോടെ വാസിമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വാസിം എന്ന് പേരുള്ള മറ്റൊരു തൊഴിലാളിക്കാണ് പരിക്കേറ്റത്. കൊലപാതകത്തിന് ശേഷം വാജിദ് സ്വയം കഴുത്തു മുറിച്ചു. ഇയാള്‍ ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്
Discussion about this post