കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്ന് വിവരം. ബന്ധുക്കളും സമീപവാസികളുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇന്നു രാവിലെയോടെയാണ് നീലേശ്വരം കത്തോലിക്ക പള്ളിക്ക് സമീപം നെടുവത്തൂര്‍ പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡില്‍ മുക്കോണിമുക്കിൽ താമസിക്കുന്ന രാജേന്ദ്രനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ട് മക്കളും കൊലചെയ്യപ്പെട്ട നിലയിലും കണ്ടെത്തിയത്. പൂജപ്പുര വീട്ടില്‍ രാജേന്ദ്രനെ (55) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേന്ദ്രന്റെ ഭാര്യ അനിത (50), മക്കളായ ആദിത്യ രാജ് (24), അമൃത (21) എന്നിവരാണ് മരിച്ചത്.
രാജേന്ദ്രന്‍റെ ഭാര്യയുടെയും മക്കളുടെയും ശരീരത്തില്‍ അതി ഗുരുതരമായ മുറിവുകളാണുള്ളതെന്ന് നെടുവത്തൂര്‍ പഞ്ചായത്ത് അംഗം രാജശേഖരന്‍ പിള്ള പറയുന്നു. രാജേന്ദ്രന്‍ ഇത്രയും ക്രൂര കൃത്യം ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. രാജേന്ദ്രന്‍റെ മകന്‍ ആദിത്യ രാജിന്‍റെ സഹപ്രവര്‍ത്തകനാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ആദിത്യ രാജിനെ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കൂട്ടക്കൊലയും ആത്മഹത്യയും സംബന്ധിച്ച് പുറംലോകം അറിയുന്നത്. നീലേശ്വരം ജങ്ഷനില്‍ ഓട്ടോ ഡ്രൈവറായിരുന്നു രാജേന്ദ്രന്‍. നാട്ടുകാരുമായി എല്ലാം നല്ല ബന്ധം പുലര്‍ത്തിയിരുന്നയാളാണ് രാജേന്ദ്രന്‍ എന്ന് സമീപവാസികള്‍ പറയുന്നു. കൂട്ടമരണത്തിന്‍റെ വാര്‍ത്ത അറിഞ്ഞ് നൂറു കണക്കിന് ആളുകള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു.
സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റും. ഫോറന്‍സിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നത് അനുസരിച്ച് അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അയല്‍വാസികളുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം. ഇന്ന് രാവിലെ ആറു മണിയോടെ ഈ വീട്ടില്‍ പാല്‍ നല്‍കുന്നയാള്‍ ഇവിടെ എത്തിയെങ്കിലും കതക് അടഞ്ഞ് കിടന്നതിനാല്‍ പാല്‍ പുറത്തു വെച്ച ശേഷം മടങ്ങുകയായിരുന്നു.












