കബൂൾ: അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക നിയമം നടപ്പിലാക്കുന്നതിന് വേണ്ടി പട്ടാള ട്രൈബ്യൂണൽ സ്ഥാപിച്ച് താലിബാൻ ഭരണകൂടം. ശരീഅത്ത് നിയമം, ദൈവീക ബലികൾ, സാമൂഹ്യ പരിഷ്കരണം എന്നിവ നടപ്പിലാക്കുന്നതിന് സർവ്വ സൈന്യാധിപൻ ഹിബാത്തുള്ള അഖൂന്ദ്സാദയുടെ നിർദ്ദേശപ്രകാരമാണ് ട്രൈബ്യൂണൽ സ്ഥാപിച്ചതെന്ന് താലിബാൻ ഉപവക്താവ് ഇനാമുള്ള സമംഗാനി അറിയിച്ചു.
ശരീഅത്ത് നിയമങ്ങളെ വ്യാഖ്യാനിക്കാനും ഇസ്ലാമിക സിവിൽ നിയമപ്രകാരമുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാനും താലിബാൻ ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും പട്ടാളക്കാർക്കും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും എതിരായ പരാതികൾ പരിശോധിക്കാനും ട്രൈബ്യൂണലിനായിരിക്കും അധികാരമെന്നും താലിബാൻ ഭരണകൂടം അറിയിച്ചു.
ഉബൈദുള്ള നിസാമിയെ ട്രൈബ്യൂണൽ ചെയർമാനായും സയീദ് ആഗാസ്, സഹീദ് അഖുന്ദ്സാഹെ എന്നിവരെ ഉപചെയർമാന്മാരായും നിയമിച്ചതായും താലിബാൻ അറിയിച്ചു.












